മഥുര: മഥുര ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന ആവശ്യവുമായി സന്യാസിമാര്‍. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 80 സന്യാസിമാര്‍ ചേര്‍ന്ന് രൂപീകരിച്ച ശ്രീകൃഷ്ണ ജന്മഭൂമി നിര്മാണ് ന്യാസ് ആണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിലാണ് ശ്രീകൃഷ്ണ ജന്മഭൂമി നിര്മാണ് ന്യാസിന്റെയും രൂപീകരണം. ആചാര്യ ദേവ് മുരാരി ബാപുവാണ് സംഘടനയുടെ ചെയര്മാന്. കൃഷ്ണ ജന്മഭൂമിയുടെ മോചനം ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണ ക്യാംപയിന് ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഒപ്പുശേഖരണത്തിന് ശേഷം ദേശവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ തന്നെ ക്യാമ്പയിന് ആരംഭിച്ചതാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ കാര്യമായ പുരോഗതി ലഭിച്ചില്ല.’ അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ നാലര ഏക്കര്‍ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നാണ് ഇവരുടെ വാദം. ഈ സ്ഥലത്ത് മത സാംസ്കാരിക ചടങ്ങുകള്‍ നടത്താനായി ഹാള്‍ നിര്‍മിക്കാനാണ് ക്ഷേത്ര അധികാരികളുടെ നീക്കം. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാലെ, മഥുര ശ്രീകൃഷ്ണ ജന്മഭൂമിയുടെയും വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും മോചനമാണ് തങ്ങളുടെ അടുത്ത അജണ്ടയെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു.