തലതിരിഞ്ഞ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയാണ് എം.എസ്.എഫ് സമരമെന്ന് കെ.പി.എ മജീദ്

പാഠപുസ്തകങ്ങള്‍ യഥാസമയം എത്തിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്, എന്നാല്‍ യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ കോഴിക്കോട് ജില്ലാ എം.എസ്.എഫ് നടത്തിയ സമരത്തിനു നേരെയുണ്ടായ പൊലീസ് അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനപരമായി നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തലതിരിഞ്ഞ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയാണ് എം.എസ്.എഫ് സമരം ചെയ്തത്. പാഠപുസ്തകങ്ങള്‍ അച്ചടി പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. പുസ്തകം കിട്ടിയില്ലെങ്കില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ചെയ്യും. അതിനെ ലാത്തികൊണ്ട് നേരിടുന്നതിനു പകരം കുട്ടികള്‍ക്ക് പുസ്തകമെത്തിക്കുകയാണ് വേണ്ടത്. വിദ്യാര്‍ത്ഥി സമരങ്ങളെ അടിച്ചൊതുക്കാമെന്ന് പൊലീസ് കരുതുന്നത് മൗഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത കാലത്ത് ക്ലാസ് ആരംഭിക്കുംമുന്നേ തന്നെ പുസ്തകങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും പാഠപുസ്തകങ്ങള്‍ ഇത്ര വൈകുന്നത് ഇതാദ്യമാണെന്നും മജീദ് പറഞ്ഞു. എന്നാല്‍ അധ്യയന വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടും സ്‌കൂളുകളില്‍ പുസ്തകം എത്തിയിട്ടില്ല. അതു ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഈ കോവിഡ് കാലത്തും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഉത്തരവാദിത്തം നിര്‍വ്വഹിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ തലക്കും തോളിലുമായാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് സംഭവത്തില്‍ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നിയമനടപടിയുമാണ് മുസ്‌ലിം ലീഗ് മുന്നോട്ടുപോവുമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.

മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

SHARE