സന്നദ്ധ പ്രവര്‍ത്തകരെ തടയുന്നത് പ്രത്യാഘാതമുണ്ടാക്കും: കെ.പി.എ മജീദ്

കോഴിക്കോട്: പാവങ്ങള്‍ക്ക് കൂടുതല്‍ സഹായം ആവശ്യമുള്ള ഈ സമയത്ത് സന്നദ്ധ പ്രവര്‍ത്തനം പാടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പ്രത്യാഘാതമുണ്ടാക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പ്രളയകാലത്ത് നാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ്. നിലവില്‍ പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിക്കുന്നതും ഇതേ അവസ്ഥയിലാണ്. പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ ആയതിനാല്‍ ജോലിയും കൂലിയുമില്ലാതെ നാടൊട്ടുക്കും പ്രയാസം അനുഭവിക്കുമ്പോള്‍ അവരെ സഹായിക്കാനാണ് അതാതു പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നത്. തീരദേശത്ത് റിലീഫ് നടത്താന്‍ മുന്നിട്ടിറങ്ങിയ കുറ്റിയാടി മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ആസിഫ് കലാമിനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണ്. എല്ലാ സംഭാവനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം മതിയെന്ന നിലപാടുമായി മുന്നോട്ടു പോയാല്‍ നാട്ടില്‍ പട്ടിണി മരണം നടക്കും. പ്രളയദുരിതാശ്വാസ നിധിയുടെ അവസ്ഥ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.കെ.പി.എ മജീദ് പറഞ്ഞു.

മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ മുഖമുദ്രയാണ് കാരുണ്യ പ്രവര്‍ത്തനം. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല മുസ്‌ലിംലീഗ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്താറുള്ളത്. വസൂരിയും കോളറയും പടര്‍ന്നു പിടിച്ച കാലം തൊട്ടേ തുടങ്ങിയ സന്നദ്ധ സേവനമാണ്. ആ പാരമ്പര്യം ഈ കോവിഡ് കാലത്തും തുടരുക തന്നെ ചെയ്യും. മുസ്‌ലിം യൂത്ത്‌ലീഗിന്റെ വൈറ്റ്ഗാര്‍ഡ് സംസ്ഥാനത്തുടനീളം മെഡിചെയിന്‍ എന്ന പേരില്‍ മരുന്നെത്തിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പാവങ്ങള്‍ക്കാണ് ഈ സന്നദ്ധ പ്രവര്‍ത്തനം സഹായം ചെയ്യുന്നത്. മുസ്‌ലിംലീഗിന്റെ പ്രാദേശിക ഘടകങ്ങളും വിദേശ രാജ്യങ്ങളിലെ കെ.എം.സി.സി ഘടകങ്ങളും കൊറോണക്കാലത്ത് ജീവന്‍ പണയം വെച്ചാണ് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്. അതെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിച്ചുകളയണമെന്ന് പറഞ്ഞാല്‍ നടപ്പുള്ള കാര്യമല്ല. ഒരുഭാഗത്ത് ഒറ്റക്കെട്ടായി പ്രതിസന്ധി തരണം ചെയ്യണമെന്നു പറയുകയും മറുഭാഗത്ത് ഒറ്റക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ നിയമങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ മുസ്‌ലിംലീഗ് പൂര്‍വ്വാധികം ശക്തമായി ജീവകാരുണ്യ പ്രവര്‍ത്തനം തുടരുമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.

SHARE