കെ.എം ഷാജി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി; പറയുന്നത് ലീഗിന്റെ നിലപാട്

മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ കുറിപ്പ്:

കെ.എം ഷാജി എം.എല്‍.എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നു. കോവിഡ് മഹാമാരിയുടെ ഭീതിയില്‍ നില്‍ക്കുന്ന ജനങ്ങളോട് ഓരോ ദിവസത്തെയും പ്രശ്നങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെ സംബന്ധിച്ചും പറയാനെത്തുന്ന മുഖ്യമന്ത്രി അതൊരു രാഷ്ട്രീയ തര്‍ക്കവേദി ആക്കുന്നത് ശുഭലക്ഷണമല്ല.

ഒരു ക്രിയത്മക പ്രതിപക്ഷം എന്ന നിലക്ക് സര്‍ക്കാരിന്റെ നയനിലപാടുകളില്‍ നന്മകളെ പിന്തുണക്കുകയും വീഴ്ചകളെ വിമര്‍ശിക്കുകയും ചെയ്യും. കെ.എം ഷാജി നിയമസഭ അംഗം എന്നതിനൊപ്പം മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. അദ്ദേഹം കൂടി ഉള്‍പെട്ട കമ്മിറ്റിയാണു സര്‍ക്കാരിനു സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഒരു ജനപ്രതിനിധി എന്ന നിലക്ക് ഷാജി ഉന്നയിക്കുന്ന വിമര്‍ശങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധത്തോടെ മറുപടി പറയുകയായിരുന്നു വേണ്ടിയിരുന്നത്. പകരം, വികൃത മനസ്സ് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറുന്നതും കുറ്റപ്പെടുത്തി അക്രമിക്കുന്നതും ജനാധിപത്യ മര്യാദയല്ല. മുഖ്യമന്ത്രി എന്ന നിലയില്‍ ആ പദവിക്ക് യോജിച്ചതുമല്ല.