വേങ്ങര ഫലം അധികാരവര്‍ഗത്തിനുള്ള താക്കീത്: കെ.പി.എ മജീദ്

മലപ്പുറം: അധികാര വര്‍ഗത്തിനുള്ള താക്കീതാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ ഇടത് പക്ഷത്തിനാവില്ലെന്നും സി.പി.എം ഇക്കാര്യത്തില്‍ ദുര്‍ബലമാണെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞു.

ഐക്യജനാധിപത്യ മുന്നണിക്ക് മാത്രമേ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും മതേതര, ജനാധിപത്യ തത്വങ്ങള്‍ക്കും വേണ്ടി മറകൂടാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും ബി.ജെ.പിയുടെ വ്യാമോഹങ്ങള്‍ക്കുമേറ്റ തിരിച്ചടികൂടിയാണിതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. യു.ഡി.എഫിന് ഉജ്വല വിജയം നല്‍കിയ സമ്മതിദായകര്‍ക്കും കഠിന പ്രയത്നം നടത്തിയ മുന്നണി പ്രവര്‍ത്തകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും മജീദ് നന്ദി പറഞ്ഞു.