രാഷ്ട്രീയ പ്രവര്‍ത്തകരെ കേസില്‍ കുടുക്കി വായടപ്പിക്കാന്‍ നരേന്ദ്ര മോദി കാണിക്കുന്ന അതേ അടവാണ് മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടരുന്നത്. കെ.എം ഷാജി എം.എല്‍.എക്കെതിരായ വിജിലന്‍സ് കേസിന്റെ ദുരുദ്ദേശ്യം വ്യക്തമാണ്. ഇത് രാഷ്ട്രീയമായ പ്രതികാര നടപടിയാണെന്ന് ആര്‍ക്കും മനസ്സിലാകും. മുസ്‌ലിംലീഗ് ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി കൊലപാതകം നടത്തിയവരെ രക്ഷിക്കാന്‍ പാവപ്പെട്ടവന്റെ നികുതിപ്പണം ഉപയോഗിക്കുന്നതായി തുറന്നടിച്ച കുറ്റത്തിനാണ് ഷാജിയെ ഇടതു സര്‍ക്കാര്‍ വേട്ടയാടുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതിനു പകരം പകപോക്കലിലേക്ക് നീങ്ങുന്നത് ശരിയായ രീതിയല്ല. കേരള രാഷ്ട്രീയത്തിന് പരിചയമില്ലാത്ത പ്രതികാര നടപടിയുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത്.
സി.പി.എം നിയന്ത്രണത്തിലുള്ള ഒരു സ്‌കൂളിനു വേണ്ടി കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതി വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉയര്‍ന്നുവന്നതാണ്. കഴമ്പില്ലാത്ത പരാതി ആയതിനാല്‍ ഒരുതരത്തിലുള്ള കേസും നേരിടേണ്ടി വന്നിട്ടില്ല. ഇതാണ് ഇപ്പോള്‍ പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം ഉമ്മാക്കികള്‍ കാട്ടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ല. പ്രതിപക്ഷത്തെ കേള്‍ക്കാനുള്ള ജനാധിപത്യ മര്യാദ സര്‍ക്കാര്‍ കാണിക്കണം. ഇത്തരം പ്രതികാര നടപടികളുമായി മുന്നോട്ടു പോയാല്‍ അതിന്റെ ഫലം ഗുരുതരമായിരിക്കും.
കെ.പി.എ മജീദ്
ജനറല്‍ സെക്രട്ടറി, മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി