ചെന്നിത്തലക്കെതിരായ കോടിയേരിയുടെ ആരോപണങ്ങള്‍ അഴിമതിക്കേസില്‍നിന്ന് ശ്രദ്ധതിരിക്കാന്‍: കെ.പി.എ മജീദ്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ സര്‍ക്കാര്‍ അകപ്പെട്ട അഴിമതിക്കേസുകളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നാണംകെട്ട സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞതിന്റെ ജാള്യതയില്‍നിന്നാണ് ചെന്നിത്തലക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന പഴകിപ്പുളിച്ച ആരോപണം വീണ്ടും പുറത്തെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസ് മുക്ത കേരളത്തിനു വേണ്ടി ബി.ജെ.പിയെ പോലെ അധ്വാനിക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസിന് പകരം ബി.ജെ.പിക്ക് ദൃശ്യത നല്‍കാന്‍ ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ സി.പി.എം കല്‍ച്ച കളി എല്ലാവരും കണ്ടതാണ്. സ്വന്തം പാര്‍ട്ടിയുടെ ആര്‍.എസ്.എസ് ബന്ധം മറച്ചുവെക്കാനും സര്‍ക്കാരിനെതിരായ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന ചെന്നിത്തലയോട് പക തീര്‍ക്കാനുമാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നത്. പതിറ്റാണ്ടുകളായി മതേതര ചേരിക്ക് കരുത്ത് പകരുകയും വര്‍ഗ്ഗീയ ശക്തികളോട് പൊരുതുകയും ചെയ്യുന്ന ചെന്നിത്തലയെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും കെ.പി.എ മജീദ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എം ബി.ജെ.പിയുമായി ധാരണയുണ്ടാക്കുന്നതായി പലരും സംശയം ഉന്നയിച്ചിട്ടുണ്ട്. പാലത്തായി പീഡനക്കേസില്‍ ആരാണ് ബി.ജെ.പിക്ക് കുടപിടിച്ചതെന്ന് പറയേണ്ട കാര്യമില്ല. കോടിയേരിക്കെതിരെ ബോംബെറിഞ്ഞ ആര്‍.എസ്.എസ്സുകാരെ പോലും പിടികൂടാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള കായംകുളത്തെ ആര്‍.എസ്.എസ് ശാഖയുടെ ശിക്ഷക് ആയിരുന്നു എന്ന് വെളിപ്പെടുത്തിയത് ജന്മഭൂമിയാണ്.

1977 മുതല്‍ ഭൂരിപക്ഷ വോട്ടിനു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ആര്‍.എസ്.എസ്സുമായി ബന്ധപ്പെടുന്ന പാര്‍ട്ടിയാണ് സി.പി.എം. അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് ബി.ജെ.പിയെ അധികാരത്തിലേക്ക് ആനയിച്ചത് സി.പി.എമ്മാണെന്ന് രാഷ്ട്രീയ ബോധമുള്ള എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എസ്.എഫ്.ഐയും എ.ബി.വി.പിയും പലപ്പോഴും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സാഹചര്യമുണ്ടായാല്‍ ഇനിയും സഹകരിക്കുമെന്നും പറഞ്ഞത് മന്ത്രി എ.കെ ബാലനാണ്. റിയാസ് മൗലവി, ഫൈസല്‍ വധക്കേസുകളില്‍ സി.പി.എം പുലര്‍ത്തിയ മൗനം ആരും മറന്നിട്ടില്ല. കെ.പി.എ മജീദ് പറഞ്ഞു.

SHARE