കേരള മോഡലിന്റെ കഴുത്ത് ഞെരിച്ച് കോവിഡ് പ്രതിരോധം തകര്‍ത്ത സര്‍ക്കാര്‍


ദുരന്തമുഖത്ത് എല്ലാ അഭിപ്രായ വ്യത്യാസവും മാറ്റിവെച്ച് ഒറ്റക്കെട്ടായി നിലയുറപ്പിക്കുക എന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ബാധ്യത. സുതാര്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്ത് നേതൃപരമായ പങ്കു വഹിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും. ഭരണ പ്രതിപക്ഷ വ്യാത്യാസമില്ലാതെ ജനാധിപത്യ സമൂഹം മുഖ്യശത്രുവിനെതിരെ പ്രതിരോധം തീര്‍ക്കേണ്ട അത്തരമൊരു ഘട്ടമാണ് ഇപ്പോള്‍. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കഴിഞ്ഞ നാലുമാസമായി ഏതു ദിശയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതെന്ന് നിരീക്ഷിക്കുമ്പോള്‍ ചിലതു പറയാതെ വയ്യ. പ്രത്യേകിച്ചും, രാജ്യത്ത് ആദ്യമായി കേരളത്തില്‍ കോവിഡ് സാമൂഹ്യ വ്യാപനം നടന്നെന്ന് അധികൃതര്‍ സ്ഥിരീകരിക്കുകയും അതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന് മേല്‍ കെട്ടിവെച്ച് മറയില്ലാതെ മുഖ്യമന്ത്രി വിഭാഗീയതക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുമ്പോള്‍.
സി.പി.എം ഭരണത്തില്‍ വരുന്നതിനും മുമ്പ്, എഴുപതുകളോടെ തന്നെ ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശ്വാത്തരമാണ്. വികസിത രാജ്യങ്ങളെ കവച്ചുവെക്കുന്ന ഈ മേന്മയെ നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍ ‘കേരള മോഡല്‍’ എന്ന് ആവര്‍ത്തിച്ചതുമാണ്. ഈ അടിസ്ഥാന വിഭവങ്ങളുടെ ബലത്തില്‍ കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിനും ലോക ശക്തികള്‍ക്കും കേരളം ചില സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച കേരളം ശ്രദ്ധാകേന്ദ്രമാകുമ്പോള്‍ അതിനെ എല്‍.ഡി.എഫിനെയും വിശിഷ്യാ സി.പി.എമ്മിനെയും കമ്മ്യൂണിസത്തെയും മാര്‍ക്കറ്റു ചെയ്യാനുള്ള അവസരമായി മാത്രം കാണുകയായിരുന്നു പിണറായി സര്‍ക്കാര്‍.
കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ മറച്ചുവെച്ച ചൈനീസ് പ്രസിഡന്റിനും കോവിഡ് സ്ഥിരീകരിച്ചവരെ അപ്പാടെ ഉന്മൂലനം ചെയ്ത ഉത്തരകൊറിയന്‍ ഏകാധിപതിക്കും ശേഷം കമ്മ്യൂണിസ്റ്റ് ഭരണ നേട്ടത്തിന്റെ മുഖമായി പിണറായിയെ ഉയര്‍ത്തിക്കാണിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ തന്നെ രൂപപ്പെട്ടു. ചൈനയിലും ഉത്തരകൊറിയയിലും ജനാധിപത്യവും പ്രതിപക്ഷവും അന്യമാണ്. ഇതേ ചിന്താഗതിയോടെ ജനാധിപത്യ ഇന്ത്യയിലെ കേരള സംസ്ഥാനത്തിന്റെ ഭരണാധികാരിയും പ്രവര്‍ത്തിച്ചപ്പോഴാണ് ഇന്നത്തെ ആശങ്കയുടെ മുനമ്പിലേക്ക് സംസ്ഥാനം എത്തിപ്പെട്ടത്. പി.ആര്‍ വര്‍ക്കുകളുടെ ഭാഗമായി സ്പ്ലിംഗ്ലര്‍ എന്ന വിദേശ കമ്പനിയുടെ കൂടി സഹായത്തോടെ ആഗോള തലത്തില്‍ കേരള കമ്മ്യൂണിസത്തെ കൊട്ടിഘോഷിച്ചത് മാസങ്ങള്‍ക്കകം തകര്‍ന്നു തരിപ്പണമായപ്പോഴാണ് എല്ലാം കൈവിട്ടു പോയെന്ന് ബോധ്യപ്പെട്ട സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജാമ്യമെടുക്കാന്‍ തുനിയുന്നത്. കേരളത്തിലെ പ്രതിപക്ഷവും അതിലെ കക്ഷികളും എത്രത്തോളം ക്രിയാത്മകമായാണ് കോവിഡ് പ്രതിരോധത്തില്‍ സഹകരിച്ചതെന്നത് തുറന്ന പുസ്തകം കണക്കെ പൊതു സമൂഹത്തിന്റെ മുമ്പിലുണ്ട്.
എന്നാല്‍, പ്രതിപക്ഷത്തെ അവഹേളിക്കാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ സാമൂഹ്യ സന്നദ്ധ സേവകരെ അകറ്റാനായി പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. സര്‍ക്കാര്‍ കാഴ്ചക്കാര്‍ മാത്രമായപ്പോള്‍, രണ്ടു പ്രളയങ്ങളെ കേരളം അതിജീവിച്ചത് സന്നദ്ധ സേവന മനസ്‌കരുടെ ബലത്തിലായിരുന്നു. ആ സ്‌നേഹക്കണ്ണി പൊട്ടിച്ച് രോഗാതിജീവനത്തെ രാഷ്ട്രീയ നേട്ടമായി കൊട്ടിഘോഷിക്കാനുള്ള വ്യഗ്രതയായിരുന്നു തുടക്കം മുതല്‍ സര്‍ക്കാറിന്. ലോക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നത് പോലും തടഞ്ഞ സര്‍ക്കാര്‍ ദുരന്തമുഖത്ത് മറ്റൊരു ദുരന്തമാകുകയായിരുന്നു. പ്രതിശീര്‍ഷ വരുമാനത്തില്‍ പിറകില്‍ നില്‍ക്കുമ്പോഴും വികസിത രാജ്യങ്ങളോട് പോലും കിടപിടിക്കുന്ന വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ കേരള നേട്ടങ്ങളുടെ സ്വാഭാവിക പരിണിതിയായി മുന്നേറിയപ്പോള്‍, ‘പിണറായി വിജയന്‍ ഇല്ലായിരുന്നെങ്കില്‍’ എന്നു മാത്രം ബി.ജി.എം മുഴക്കുകയായിരുന്നു ഭരണകക്ഷി. ദുരന്തത്തെ മറികടക്കാനുള്ള സാവകാശം പോലുമില്ലാതെ, ഫെബ്രുവരിയില്‍ തന്നെ കേരളത്തെ കോവിഡ് മുക്തമായി പ്രഖ്യാപിച്ച ആരോഗ്യ മന്ത്രി പിന്നീട് പരിശോധനാ കിറ്റ് തീരുമെന്ന ന്യായം പറഞ്ഞ് ടെസ്റ്റുകള്‍ നടത്താതെ മേനി നടിക്കുകയായിരുന്നു.
തുടക്കത്തില്‍ പി.ആര്‍ വര്‍ക്കിലൂടെ വാഷിങ്ടണ്‍ പോസ്റ്റിലും മറ്റും വിജയാഘോഷം നടത്തിയ സര്‍ക്കാരിനെ ഒടുവില്‍ പുറത്തുവന്ന ബി.ബി.സി റിപ്പോര്‍ട്ടില്‍ പൊളിച്ചടുക്കുമ്പോള്‍ കേരള മോഡല്‍ കെട്ടിപ്പടുത്തതില്‍ മുഖ്യപങ്കുള്ള യു.ഡി.എഫിന് വലിയ സങ്കടവും ആശങ്കയുമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും വേണ്ടത്ര സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിനാകുന്നില്ലെന്നും അടുത്ത ദിവസങ്ങളിലായി 120 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്ത് രോഗം ബാധിച്ചെന്നും പറയുന്ന ബി.ബി.സി, രോഗികളുടെ എണ്ണം 10,000 കവിഞ്ഞതോടെ 1.38 ലക്ഷം കിടക്കകളുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞത് കള്ളമാണെന്നും വിളിച്ചു പറയുന്നു. അത്തരം പ്രചാരണങ്ങളെ തിരുത്താനുള്ള അവസരമായെടുത്ത് കേരളത്തിന്റെ യശ്ശസ് തിരിച്ചു പിടിക്കാന്‍ നമുക്കാവണം.
ആദ്യ 110 ദിവസങ്ങളില്‍ ആകെ രോഗികള്‍ ആയിരമാണെങ്കില്‍ രണ്ടാഴ്ച കൊണ്ട് 11000 പിന്നിട്ടുവെന്നതും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രണ്ടു ലക്ഷത്തോട് അടുക്കുന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. പ്രവാസികള്‍ തിരിച്ചെത്തിയപ്പോള്‍ പോലും നിയന്ത്രണ വിധേയമായിരുന്നിടത്തു നിന്ന് എങ്ങിനെയാണ് സാമൂഹ്യ വ്യാപനത്തിലേക്ക് വഴുതിപ്പോയത്. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന്റെ ആദ്യദിനം തൊട്ട് സര്‍ക്കാറിന്റെ വീഴ്ചകള്‍ ക്രിയാത്മകമായി ചൂണ്ടിക്കാണിക്കുകയും സര്‍ക്കാറുകളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൂടെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുമായിരുന്നു പ്രതിപക്ഷം എന്നത് മറച്ചുവെച്ച് മുഖ്യമന്ത്രി നടത്തുന്ന പ്രചാരണങ്ങള്‍ ദുരന്തകാലത്തെ കൊള്ളക്കായി ഉപയോഗപ്പെടുത്തിയത് പിടിക്കപ്പെട്ടപ്പോഴുള്ള ജാള്യതയും പ്രതിഷേധവും വഴിതിരിച്ചുവിടാനുള്ള അടവ് മാത്രമാണ്.
മുമ്പ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിക്ക് കാസര്‍ക്കോട്ട് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ചൂണ്ടിക്കാണിച്ച് കിം എന്‍ട്രന്‍സ് മാറ്റിവെക്കാന്‍ പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടതിനെ പോലും പുഛിക്കുകയായിരുന്നു സര്‍ക്കാര്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് കോഴിക്കോടുമെല്ലാം കിം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒന്നിനു പിറകെ ഒന്നായി കോവിഡ് സ്ഥിരീകരിക്കുമ്പോള്‍ മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുടക്കുന്നത് ഭൂഷണമല്ല. കേരളത്തിന് പുറത്തു നിന്ന് എത്തുന്ന എല്ലാവരെയും കോറന്റൈനിലാക്കണമെന്ന നിര്‍ദേശം അട്ടിമറിച്ച സര്‍ക്കാറിന്റെ വീഴ്ചയാണ് ഇപ്പോഴത്തെ ഗുരുതര സാഹചര്യം സൃഷ്ടിച്ചതെന്നതാണ് വസ്തുത. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ ഉറപ്പാക്കണമെന്ന നിര്‍ദേശം ഉറപ്പാക്കാന്‍ മുസ്‌ലിംലീഗ് എല്ലാ നിലക്കും കൂടെ നിന്നിരുന്നു എന്നത് മുഖ്യമന്ത്രിയുടെ പഴയ പത്രസമ്മേളനങ്ങള്‍ ഒരിക്കല്‍കൂടി കേട്ടാല്‍ ബോധ്യപ്പെടും. മുസ്‌ലിംലീഗിനും പോഷകഘടകങ്ങള്‍ക്കും അനുബന്ധ സംവിധാനങ്ങള്‍ക്കും കീഴിലുള്ള ആംബുലന്‍സുകളും സ്ഥാപനങ്ങളും ആസ്പത്രികളുമെല്ലാം ഉപാധിയില്ലാതെ സര്‍ക്കാറിന് വിട്ടുകൊടുത്ത മുസ്‌ലിംലീഗിന്റെ ഇക്കാര്യത്തിലുള്ള സേവനങ്ങള്‍ പൊതുസമൂഹത്തിന് ബോധ്യമുള്ളതാണ്.
കൃത്യമായ ക്വാറന്റൈനും സാമൂഹ്യ അകലം ഉറപ്പാക്കലുമാണ് മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത രോഗത്തിന്റെ പ്രതിരോധത്തിന് അവശ്യം വേണ്ടതെന്ന ബാലപാഠമാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്. പ്രവാസികള്‍ക്ക് രണ്ടര ലക്ഷം ബെഡ്ഡുകള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, പതിനായിരം പ്രവാസികള്‍ വന്നപ്പോഴേക്കും കരണം മറിയുന്നത് എല്ലാവരും കണ്ടതാണ്. തിരിച്ചെത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ ഒരുക്കാന്‍ സന്നദ്ധമാണെന്ന് മുസ്‌ലിംലീഗ് സര്‍ക്കാറിനെ അറിയിച്ചിട്ടും അനുമതി നിഷേധിക്കുകയായിരുന്നു. പ്രവാസികള്‍ തിരിച്ചു വരുന്നത് തടയിടാനും അവരെ ചൂഷണം ചെയ്യാനും സര്‍ക്കാറിന്റെ സമയവും സംവിധാനവും കേന്ദ്രീകരിച്ചപ്പോള്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവരെ നിരീക്ഷിക്കാനും വീടുകളിലെ നിരീക്ഷണം ഉറപ്പാക്കാനും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഉണ്ടായ വീഴ്ചയുടെ പരിണിത ഫലം മറച്ചുവെച്ചിട്ടെന്തുകാര്യം.
ലക്ഷണമില്ലാത്തവരെയും പരിശോധിക്കണമെന്ന ഐ.സി.എം.ആര്‍ നിര്‍ദ്ദേശത്തെ ചെറുതായി കണ്ടപ്പോള്‍ നാടും നഗരവും കോവിഡ് റൂട്ടുമാപ്പില്‍ സ്ഥാനം പിടിച്ചു. ഈ ഗുരുതര സാഹചര്യത്തെ നേരിടാന്‍ പ്രതിപക്ഷത്തെയും ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കോവിഡിനെ മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസിനെ മാഫിയ താവളമാക്കിയതിന് എതിരായ ബഹുജന സമരം പോലും രണ്ടാഴ്ച നിര്‍ത്തിവെച്ച യു.ഡി.എഫിനെ പഴിചാരാതെ മനുഷ്യജീവനുകള്‍ക്ക് വിലകല്‍പ്പിക്കാനും കാര്യങ്ങളെ സത്യസന്ധമായി സമീപിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.

SHARE