കെ.പി.എ മജീദ്
ആറു മാസത്തിലേറെയായി ലോകത്തെയാകെ അടച്ചു താഴിട്ട മഹാമാരി കോവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ചുവെന്നും അത് തന്റെ മകള്‍ക്ക് കുത്തിവെച്ചുവെന്നും റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രഖ്യാപനമാണ് പുതിയ വാര്‍ത്ത. കോവിഡ് വ്യാപനത്തിന്റെ ആദ്യ മാസങ്ങളില്‍തന്നെ വാക്‌സിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ശാസ്ത്ര ലോകം ആരംഭിച്ചിരുന്നതാണ്. ആഗസ്ത് 15നകം വാക്‌സിന്‍ ഉത്പാദനം തുടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച ഇന്ത്യയില്‍ ഈമാസം അവസാമെങ്കിലും മരുന്ന് ഉത്പാദനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ രണ്ടിന് കോവിഡ് വാക്‌സിന്‌വേണ്ടിയുള്ള ക്ലിനിക്കല്‍ ട്രയലിന് അനുമതി നല്‍കിയ ജര്‍മനി പോലും ലക്ഷ്യം കൈവരിച്ച് അന്തിമ അനുമതിയോടെ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയിട്ടില്ല. അപ്പോഴാണ്, പൊടുന്നനെ റഷ്യയുടെ വാക്‌സിനും അത് പ്രസിഡന്റിന്റെ മകളില്‍ കുത്തിവെച്ചെന്ന വിവരവും. പുടിന് എത്ര മക്കളുണ്ടെന്നോ അവര്‍ ആരൊക്കെയാണെന്നോ റഷ്യക്കാര്‍ക്ക് പോലും അജ്ഞാതമാണ്.
ഭാര്യ ല്യുഡ്മിളയുമായി അഞ്ചു കൊല്ലം മുമ്പ് വിവാഹമോചനം നേടിയ ശേഷമുള്ള പുതിയ കാമുകിയുടെ മൂന്നാമത്തെ കുഞ്ഞിലാണ് മരുന്ന് പരീക്ഷിച്ചതെന്നും മൂത്തമകള്‍ മരിയയിലാണെന്നും പല വാദങ്ങള്‍ ഉണ്ട്. ഡബ്ല്യു.എച്ച്.ഒയുടെ മാര്‍ഗനിര്‍ദേശം പാലിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. റഷ്യയെ വിശ്വസിക്കാനും അവിശ്വസിക്കാനും കാരണങ്ങള്‍ ഉണ്ടെങ്കിലും മരുന്ന് കണ്ടുപിടിച്ച് സ്വതന്ത്രമായൊരു നാളെ വൈകാതെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാനാണ് ഇഷ്ടം. നമ്മള്‍ ഒരിക്കലും നിനക്കാത്തതും എല്ലാ പ്രയാണങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതുമായ ദുരന്തങ്ങള്‍ തടയാന്‍ മനുഷ്യന് കഴിഞ്ഞുകൊള്ളണമെന്നില്ല. മഹാമാരിയായും പ്രളയമായും ഉരുള്‍പൊട്ടലായും അപകടങ്ങളായുമെല്ലാം ഒന്നിനുപിറകെ ഒന്നായി പരീക്ഷണങ്ങള്‍ നേരിടുകയാണ്. എത്ര വലിയ ദുരന്തങ്ങളെയും സമചിത്തതയോടെ നോക്കിക്കാണാനും കൂട്ടായ്മയിലൂടെ അതിജീവിക്കാനും പരിശ്രമിക്കുകയേ വഴിയുള്ളൂ. ദുരന്തത്തിന് നേരിട്ട് ഇരയാകുന്നവരെ മറ്റൊന്നും പരിഗണിക്കാതെ സഹായിക്കുകയെന്നതാണ് മനുഷ്യത്വം.
പുര കത്തുമ്പോള്‍ വാഴവെട്ടി ചൂഷണത്തിനു മറയാക്കുന്നത് വ്യക്തിയായാലും സംഘടനയായാലും അപരിഷ്‌കൃതമാണ്. ഭരണകൂടം അത്തരത്തിലേക്ക് തരംതാഴുന്നത് അങ്ങേയറ്റം നീചവുമാണ്. എന്നാല്‍, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ദുരന്തങ്ങളെ ചൂഷണത്തിനുള്ള പുതിയ മറയാക്കുന്നുവെന്ന് ഓരോ ദിവസവും വ്യക്തമാകുമ്പോള്‍ ചിലത് പറയാതെ വയ്യ. കോവിഡ് മഹാമാരിയുടെ പേരില്‍ രാജ്യമാകെ അടച്ചുപൂട്ടിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സാധാരണ ജീവിതം അസാധ്യമായിട്ട് അര വര്‍ഷത്തോളമാകുന്നു. സാമൂഹ്യ-സാമ്പത്തിക-വൈജ്ഞാനിക മേഖലയില്‍ അതിന്റെ ആഘാതം ലഘൂകരിക്കാനും അതിജീവനം സാധ്യമാക്കാനുമായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ട സര്‍ക്കാറുകള്‍ രഹസ്യ അജണ്ടകള്‍ നടപ്പാക്കാനുള്ള അവസരമാക്കുമ്പോള്‍ കോവിഡ് വ്യാപനം എല്ലാ സീമികളും ലംഘിക്കുന്നു.
മഹാമാരിക്ക് മതത്തിന്റെ നിറം നല്‍കിയും പൗരത്വ വിവേചനത്തിന് എതിരായ പ്രക്ഷോഭങ്ങളെ തടഞ്ഞും അത്തരം സമരങ്ങളില്‍ പങ്കെടുത്ത ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെയുള്ളവരെ കല്‍തുറുങ്കിലടച്ചും മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാര്‍, കോര്‍പറേറ്റുകള്‍ക്ക് മണ്ണും വായുവും അപ്പാടെ തീറെഴുതുന്ന ഇ.ഐ.എ കുറുക്കുവഴിയില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ജനവിരുദ്ധതയെയും വികസന മുരടിപ്പിനെയും വൈകാരിക വര്‍ഗീയ അജണ്ടകള്‍കൊണ്ട് പുകമറ സൃഷ്ടിച്ച് എതിരിടുന്ന കേന്ദ്ര നയത്തെ അപ്പാടെ പകര്‍ത്തി കേരള സര്‍ക്കാറും മനുഷ്യന്റെ സ്വബോധത്തെ വെല്ലുവിളിക്കുകയാണ്.
എഴുപതുകളോടെതന്നെ നാം ആര്‍ജ്ജിച്ചതും പടിപടിയായി വളര്‍ത്തിക്കൊണ്ടുവന്നതുമായ ആരോഗ്യരംഗത്തെ കേരള മോഡല്‍ ധാഷ്ട്യത്തിലൂടെയും പിടിപ്പുകേടിലൂടെയും കളഞ്ഞുകുളിച്ച പിണറായി സര്‍ക്കാര്‍, കോവിഡ് പ്രതിരോധം പാളിയപ്പോള്‍ പ്രതിപക്ഷത്തെ പഴിച്ചും തെറിവിളിച്ചും ഒട്ടകപ്പക്ഷി നയം സ്വീകരിക്കുന്നവരെ ഓര്‍ത്ത് ലജ്ജിക്കണം. കോവിഡ് മാഹാമാരിയെ നേരിടാനും അതുമായി ബന്ധപ്പെട്ട പ്രതിരോധങ്ങളെ ശക്തിപ്പെടുത്താനും യു.ഡി.എഫിന്റെയും വിശിഷ്യാ മുസ്‌ലിംലീഗിന്റെയും കൈകോര്‍ക്കല്‍ തുറന്ന പുസ്തകമാണ്. കോവിഡ് പ്രതിരോധത്തിന് മുസ്‌ലിംലീഗിന്റെ കീഴിലുള്ള സി.എച്ച് സെന്ററിന്റെ നൂറുകണക്കിന് ആംബുലന്‍സുകള്‍ ഡ്രൈവര്‍മാര്‍ സഹിതം സര്‍ക്കാറിന് വിട്ടുകൊടുത്തതുമുതല്‍ മടങ്ങിവരുന്ന പ്രവാസികളുടെയും വിവിധ സംസ്ഥാനങ്ങളിലെ മലയാളികളുടെയും കോറന്റൈന്‍ കേന്ദ്രങ്ങള്‍ക്ക് സ്വന്തം ആസ്പത്രികളും സ്ഥാപനങ്ങളും ഓഫീസുകളുംവരെ അനുവദിച്ചും കലവറയില്ലാത്ത പിന്തുണയാണ് നല്‍കിയത്. എന്നിട്ടും വൈകിട്ടുള്ള വാര്‍ത്താവായനയില്‍ മുഖ്യമന്ത്രി പ്രതിപക്ഷം കോവിഡ് പകര്‍ത്തിയവരാണെന്നും ഒരു സേവനവും ചെയ്തില്ലെന്നുമാണ് പറയുന്നത്. പക്ഷേ, കോവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളും അഴിമതിയും ഏതു ഗണത്തിലാണ് ഉള്‍പ്പെടുത്തുക. സ്വര്‍ണ്ണം കള്ളക്കടത്തുകാര്‍ക്കും മാഫിയക്കും മുഖ്യമന്ത്രിയുടെ ഓഫീസ് മലര്‍ക്കെ തുറന്നു കൊടുത്തത് നിസ്സാരമാണോ. കെ ഫോണിന്റെയും ഇ മൊബിലിറ്റിയുടെയും സ്പ്രിംഗ്ലറിന്റെയും കരിമണലിന്റെയും ആറ്റു മണലിന്റെയും പേരില്‍ മാത്രമല്ല, പാവപ്പെട്ടവര്‍ക്ക് വീടുവെക്കുന്ന ലൈഫ് പദ്ധതിയില്‍പോലും കയ്യിട്ടുവാരിയതായ ആരോപണം നിസ്സാരമാണോ. കോവിഡ് മഹാമാരിയെ കൊള്ളക്കുള്ള അവസരമാക്കുന്ന സര്‍ക്കാര്‍ മുമ്പും ദുരന്തങ്ങളെ ചൂഷണോപാധിയാക്കിയതും നിഷ്‌ക്രിയമായി നിന്ന് പരിഹസിച്ചതും നാം കണ്ടതാണ്.
ആദ്യ പ്രളയത്തില്‍ നാടാകെ ദുരിതത്തില മര്‍ന്നപ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. നാട്ടുകാരും സന്നദ്ധ സേവകരും കൈ മെയ് മറന്ന് കൈകോര്‍ത്താണ് രക്ഷാപ്രവര്‍ത്തനം പോലും നടത്തിയത്. രണ്ടു വര്‍ഷം മുമ്പ് ഉരുള്‍പൊട്ടി 14 പേര്‍ മരിച്ച കോഴിക്കോട് കവളപ്പാറയില്‍ പോകാന്‍ ഇന്നേവരെ കൂട്ടാക്കാത്ത മുഖ്യമന്ത്രി, അന്‍പതിലേറെ പേര്‍ മരിച്ച ഇടുക്കി പെട്ടിമുടിയിലെ ദുരന്ത ഭൂമിയെയും അവഗണിച്ച് ക്രൂരമായാണ് പെരുമാറുന്നത്. കേന്ദ്ര മന്ത്രിയും പ്രതിപക്ഷ നേതാവും എത്തിയിട്ട് ദിവസങ്ങളായി. ഓഖി ദുരന്തമുണ്ടായപ്പോള്‍ സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ തീരദേശത്ത് പോകാതെ വിവാഹവും സമ്മേളനവുമായി ചുറ്റിത്തിരിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസങ്ങള്‍ക്ക്‌ശേഷം അവിടെയെത്തിയപ്പോള്‍ ഔദ്യോഗിക കാര്‍ ഒഴിവാക്കി ജീവനുംകൊണ്ട് ഓടിയത് ഓര്‍ക്കുന്നത് നല്ലതാണ്. രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന സമയത്തെങ്കിലും പെട്ടിമുടിയിലെത്തി പാവപ്പെട്ട തോട്ടം തൊഴിലാളികളോട് മാനുഷിക പരിഗണ കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. പത്തു ലക്ഷം രൂപയെങ്കിലും മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി അവരെ പുനരധിവസിപ്പിക്കണം. ദുരന്ത മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് കൈവശമുള്ള ഹെലിക്കോപ്റ്റര്‍ പോലും വിട്ടു കൊടുക്കാത്ത സര്‍ക്കാറിന്റെ മുന്‍ഗണന മറ്റു പലതുമായത് മറ്റൊരു ദുരന്തമാണ്.
കോവിഡ് ഭീഷണിയും തീപിടിത്ത-പൊട്ടിത്തെറി സാധ്യതകളും വകവെക്കാതെ കരിപ്പൂരിലെ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരോട് നല്ലൊരു വാക്ക് പറയാന്‍ പോലും മുഖ്യമന്ത്രിക്ക് വൈമനസ്യമാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച എം.പിമാരും എം.എല്‍.എമാരും യു.ഡി.എഫ് നേതാക്കളായതുകൊണ്ടു ആ മാതൃകാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലുംപെട്ട നല്ല മനുഷ്യരെ അവഗണിച്ചു എന്ത് സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നത്. പൊതുമേഖലയിലുള്ള കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളെ തടയാനുള്ള ശ്രമങ്ങളും ഇതോട് കൂട്ടിവായിക്കണം. മണ്ണിലും വിണ്ണിലും കോവിഡും പ്രയാസങ്ങള്‍ വരുമ്പോള്‍ രാഷ്ട്രീയ കുടിലതയും ചൂഷണവുമായി നെഗറ്റീവ് പൊളിറ്റിക്‌സ് കളിക്കുന്ന സര്‍ക്കാറുകളാവും വലിയ ദുരന്തം. പ്രബുദ്ധ കേരളം ഇതു തിരിച്ചറിയുമ്പോള്‍ മാധ്യമ വേട്ടയിലൂടെ എല്ലാം മറച്ചുപിടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ.