കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്നു: കെ.പി.എ മജീദ്

പേരാമ്പ്രയിൽ സി.പി.എം അക്രമത്തിൽ നശിപ്പിച്ച ടൗൺ ജുമാ മസ്ജിദും മുസ്‌ലിം ലീഗ് ഓഫീസും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് സന്ദർശിക്കുന്നു.

പേരാമ്പ്ര: ശബരിമല വിഷയത്തിൽ കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് സി.പി.എമ്മും ബി.ജെ.പിയും പരസ്പരം മത്സരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പേരാമ്പ്രയിൽ സി.പി.എം അക്രമത്തിൽ നശിപ്പിച്ച ടൗൺ ജുമാ മസ്ജിദും മുസ്‌ലിം ലീഗ് ഓഫീസും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർത്താലിന്റെ മറവിൽ സി.പി.എമ്മും ബി.ജെ.പിയും അക്രമം അഴിച്ചു വിട്ട് നാട്ടിൽ സമാധാനം നഷ്ടപ്പെടുത്തുകയാണെന്നും ഇതിന് സർക്കാരും പോലീസും കൂട്ട് നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അക്രമത്തിൽ നഷ്ടം സംഭവിച്ചവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള നിഷ്ക്രിയത്വമാണ് അവസ്ഥ ഇത്രത്തോളം വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എൻ.സി അബൂബക്കർ, സെക്രട്ടറി സി.പി.എ അസീസ്, സി.പി സൈതലവി, വി.വി മുഹമ്മദലി, എസ്.കെ അസൈനാർ, പുതുക്കുടി അബ്ദുറഹ്മാൻ, ഇ. ഷാഹി, എം.കെ.സി കുട്ട്യാലി, ടി.കെ ഇബ്രാഹിം, സി.പി ഹമീദ്, കോറോത്ത് റഷീദ്, പി.വി നജീർ, വി.കെ കോയക്കുട്ടി, ആർ.കെ മുഹമ്മദ്, കെ.പി റസാഖ്, കെ.സി മുഹമ്മദ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.