പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന് നാണക്കേട്: കെ.പി.എ മജീദ്


കോഴിക്കോട്: മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി മതേതരത്വം ഉദ്‌ഘോഷിക്കുന്ന രാജ്യത്തിന് നാണക്കേടാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഒരു മതവിഭാഗത്തോടും പ്രത്യേകിച്ച് മമതയോ വിദ്വേഷമോ പ്രകടിപ്പിക്കാതിരിക്കുക എന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ സങ്കല്‍പം. എന്നാല്‍ ഇവിടെ ഒട്ടും സങ്കോചമില്ലാതെയാണ് ഒരു മതവിഭാഗത്തോടു മാത്രം വിവേചനം കാണിച്ചിരിക്കുന്നത്. ഇത് ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ പാരമ്പര്യങ്ങളെ കൊഞ്ഞനം കുത്തുന്ന നടപടിയാണ്.-കെ.പി.എ മജീദ് പറഞ്ഞു.
അസം പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവരില്‍ ഏറെയും ഹിന്ദുക്കളാണെന്ന കാരണമാണ് ഇങ്ങനെയൊരു ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. എല്ലാ കുടിയേറ്റക്കാരെയും മനുഷ്യരായി പരിഗണിക്കാതെ അവരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നത് ഒരു മതേതര രാജ്യത്തെ ഭരണകൂടത്തിന് അപമാനമാണ്. വിശപ്പും ദാരിദ്ര്യവുമാണ് മനുഷ്യനെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നത്.
വിശപ്പിന് മതമില്ല. രാജ്യത്തെ ഒന്നടങ്കം മതത്തിന്റെ പേരില്‍ വിഭജിച്ച് ഭരിക്കുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. ഇന്ത്യ ഇന്നുവരെ കാണാത്ത മത വിഭാഗീയതയാണ് നിയമ നിര്‍മ്മാണങ്ങളിലൂടെയും ഭരണഘടനാ ഭേദഗതികളിലൂടെയും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ഈ നിലപാടുകളില്‍ ജനാധിപത്യ വിശ്വാസികള്‍ അങ്ങേയറ്റം നിരാശയിലും ആശങ്കയിലുമാണ്. – കെ.പി.എ മജീദ് വ്യക്തമാക്കി. എല്ലാ പ്രതിപക്ഷ കക്ഷികളും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

SHARE