‘കോണ്‍ഗ്രസ് വിമര്‍ശനം’; തെറ്റായ വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കെ.പി.എ മജീദ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് പതിവില്‍ക്കവിഞ്ഞ ഐക്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോയതായി മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി വിലയിരുത്തിയ കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ തീര്‍ത്തും തെറ്റായ ചില വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തള്ളിക്കളയണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെപിഎ മജീദ്.

യുഡിഎഫ് സംവിധാനത്തെ നല്ലരീതിയില്‍ ഏകോപിപ്പിക്കുന്നതില്‍ ദേശീയ രാഷ്ട്രീയത്തിലെയും സംസ്ഥാനത്തെയും നിലവിലെ സ്ഥിതിഗതികള്‍ വലിയ സ്വാധീനം ചെലുത്തി. ഘടകകക്ഷികള്‍ക്കിടയില്‍ യാതൊരു കല്ലുകടികളുമുണ്ടായില്ല. യുവാക്കളുടെ ഭാഗത്ത് രാഹുല്‍ഗാന്ധി ഫാക്ടര്‍ നന്നായി പ്രകടമായിരുന്നു. ജനാധിപത്യ വിശ്വാസകളില്‍ വലിയ തരംഗമാണ് രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം സൃഷ്ടിച്ചത്. രാജ്യത്തിന് ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കുന്ന കാഴ്ചയാണ് എവിടെയും പ്രകടമായതെന്നും പികെ കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പൊന്നാനിയില്‍ തുടക്കത്തില്‍ തന്നെ യുഡിഎഫില്‍ താഴെ തട്ടിലുണ്ടായിരുന്ന എല്ലാ അസ്വാരസ്യങ്ങളും പരിഹരിച്ചു. വളരെ ഐക്യത്തോടെ പ്രവര്‍ത്തനരംഗത്ത് മുന്നോട്ടുപോകുന്നതിനിടെ രാഹുല്‍ഗാന്ധിയുടെ വരവ് വലിയ തരംഗമുണ്ടാക്കി. പൊന്നാനിയില്‍ യുഡിഎഫിന്റെ കെട്ടുറപ്പിലൂടെ നല്ല ഭൂരിപക്ഷമുണ്ടാവുമെന്ന് വ്യക്തമാണെന്ന് ഇടി മുഹമ്മദ് ബഷീറും പറഞ്ഞു. യോഗത്തിലും ഇതിനു വിപരീതമായ യാതൊരു പ്രതികരണവുമുണ്ടായില്ല. എന്നാല്‍ ചില കേന്ദ്രങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. കോണ്‍ഗ്രസ് പതിവില്‍ നിന്നു വിപരീതമായി മുസ്‌ലിംലീഗ് മത്സരിച്ച സീറ്റുകളിലും കോണ്‍ഗ്രസ് സീറ്റുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വിലയിരുത്തലിന് നേരെ വിരുദ്ധമായ വാര്‍ത്തകളാണ് ചിലര്‍ റിപ്പോര്‍ട്ട് ചെയ്തത്. വടകര മുസ്‌ലിംലീഗ് പ്രസ്റ്റീജ് സീറ്റായി കണ്ട് ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. മുസ്‌ലിം ലീഗിന് സ്വാധീനമുള്ളയിടങ്ങളിലെല്ലാം വീട് കയറി പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ മുന്നിട്ടുനിന്നു. കോണ്‍ഗ്രസും ഇവിടങ്ങളില്‍ ഏറ്റവും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി എല്ലാ തുറകളില്‍ നിന്നും ജനം പോളിങ് ബൂത്തിലേക്കൊഴുകിയതാണ് വോട്ടിങ് ശതമാനത്തില്‍ പ്രതിഫലിച്ചത്. കെപിഎ മജീദ് പറഞ്ഞു.

SHARE