കേന്ദ്ര സർക്കാറിന് മാധ്യമങ്ങളെ ഭയം: കെ.പി.എ മജീദ്

കോഴിക്കോട്: മാധ്യമങ്ങളെ ഭയപ്പെടുന്നതിനാൽ വായ മൂടിക്കെട്ടി വാർത്തകൾ തമസ്‌കരിക്കാനുള്ള ഫാസിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ് മാധ്യമ പ്രവർത്തകർക്കെതിരായ കടന്നാക്രമമണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു. സ്വതന്ത്രമായി വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകരെ അനുവദിക്കണം. കർണാടക പൊലീസ് മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് അങ്ങേയറ്റം അപലപനീയമാണ്. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾ സർക്കാറിനെ പിടിച്ചുകുലുക്കിയിട്ടുണ്ട്. വാർത്തകൾ തമസ്‌കരിച്ചും ഇന്റർനെറ്റ് സൗകര്യം പിൻവലിച്ചും വസ്തുതകൾ മറച്ചുവെക്കാമെന്നാണ് അധികാരികൾ കരുതുന്നത്. ഇത് വിഡ്ഢിത്തമാണ്. റിപ്പോർട്ടിങ് തടസ്സപ്പെടുത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം. മാധ്യമ പ്രവർത്തകർ അവരുടെ ജോലിയാണ് ചെയ്യുന്നത് അവരെ അക്രമകാരികളും മാരകായുധങ്ങൾ സൂക്ഷിക്കുന്നവരുമായി ചിത്രീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു.

SHARE