കോഴിക്കോട്: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ നടത്തിയ പ്രസ്താവന ബി.ജെ.പിയുടെ സ്വരത്തിലുള്ളതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു. കേരളം ഒറ്റക്കെട്ടായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും ആ വികാരത്തിനൊപ്പമാണ്. സംസ്ഥാനങ്ങളുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. കേന്ദ്രം പാസ്സാക്കുന്ന നിയമങ്ങളെല്ലാം അപ്പടി അനുസരിക്കണമെന്ന ഗവര്‍ണറുടെ തിട്ടൂരം കേരളത്തില്‍ വിലപ്പോകില്ല.
ഏകാധിപത്യ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. പൗരത്വ വിവേചനത്തിനെതിരായ സമരങ്ങളില്‍ സജീവമായ കേരളത്തിലെ ജനങ്ങള്‍ ഗവര്‍ണറുടെ വാദങ്ങളെ അംഗീകരിക്കില്ല. നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഗവര്‍ണര്‍ പ്രസ്താവിച്ചത്. മുസ്‌ലിംലീഗ് പുച്ഛത്തോടെ ഈ പ്രസ്താവനയെ തള്ളിക്കളയും. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ ഗവര്‍ണറുടെ ഔദാര്യത്തിന്റെ ആവശ്യമില്ല. പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യങ്ങളെ നിഷേധിക്കുന്നതാണ്.
മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. ഈ ബില്ലിനെതിരെ മുസ്‌ലിംലീഗ് നിയമപരമായും രാഷ്ട്രീയമായും ഏതറ്റം വരെയും പോകുമെന്നും കെ.പി.എ മജീദ് പറഞ്ഞു. കേരളത്തിലെ ജനങ്ങളെ നയിക്കാന്‍ ഇവിടെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ, മത നേതാക്കളുണ്ടെന്നും സംഘ്പരിവാറിന്റെ ഇഷ്ടപുത്രന്മാരുടെ അഭിപ്രായം മുഖവിലക്കെടുക്കില്ലെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.