യു.ഡി.എഫ് നേടിയത് മികച്ച വിജയം: കെ.പി.എ മജീദ്

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് മികച്ച വിജയമാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം ലീഗ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അഭിമാനകരമായ നേട്ടമാണ് മഞ്ചേശ്വരത്തുണ്ടായത്. കേലവം 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് 7923 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്കുയര്‍ന്നത്. അരൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുപ്പത്തിഎട്ടായിരത്തിലധികം വോട്ടിന്റെ ലീഡാണ് എല്‍.ഡി.എഫിനുണ്ടായിരുന്നു. എന്നാല്‍ ഇവിടെ രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് യു.ഡി.എഫ് വിജയകൊടി നാട്ടിയെന്നത് യു.ഡി.എഫിന്റെ വിജയതിളക്കം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇതിനെ ചെറുതായി കാണാനാണ് ചിലര്‍ക്ക് വ്യഗ്രത. യു.ഡി.എഫിന് വലിയ പ്രതീക്ഷയാണ് ഉപ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ഒറ്റകെട്ടായ പ്രവര്‍ത്തനത്തിലൂടെ തുടര്‍ തരെഞ്ഞെടുപ്പുകളില്‍ വലിയ വിജയം നേടാന്‍ യു.ഡി.എഫിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

SHARE