‘ദുര്‍ഗ്ഗാമാലതിക്കുള്ള പിന്തുണ ചെറുപ്പക്കാരിയായതിനാല്‍’; കഠ്‌വ പെണ്‍കുട്ടിക്ക് പിന്തുണ അര്‍പ്പിച്ച് ചിത്രം വരച്ച ദുര്‍ഗ്ഗാമാലതിക്ക് കെ.പി ശശികലയുടെ അധിക്ഷേപം

പാലക്കാട്: കഠ്‌വ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. ചെറുപ്പക്കാരി ആയതിനാലാണ് ചിത്രകാരിക്ക് എം.എല്‍.എമാരുടെയടക്കം പിന്തുണ ലഭിച്ചതെന്നായിരുന്നു ശശികലയുടെ പ്രസ്താവന. ദുര്‍ഗമാലതിക്കെതിരെ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് പട്ടാമ്പിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് ശശികലയുടെ അധിക്ഷേപം.

പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ചിത്രകാരിയായ ദുര്‍ഗാമാലതി തന്റെ ഫേസ് ബുക്ക് പേജിലൂടെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ഹിന്ദുത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ദുര്‍ഗ മാലതിക്ക് നേരെ സൈബര്‍ ആക്രമണവും, അപവാദ പ്രചരണങ്ങളും നടന്നു. പട്ടാമ്പി മുതുതലയിലെ വീടിന് നേരെ കല്ലേറും കൂടി ഉണ്ടായതോടെ പൊലീസ് സംരക്ഷണത്തിലാണ് ദുര്‍ഗാ മാലതി.

എന്നാല്‍ ദുര്‍ഗമാലതിക്കെതിരെ പൊലീസ് കേസെടുക്കാത്തത് പട്ടാമ്പി, തൃത്താല എംഎല്‍എമാരുടെയും പാലക്കാട് എംപിയുടെയും ഇടപെടല്‍ കൊണ്ടാണെന്ന് ആയിരുന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയുടെ ആരോപണം. ദുര്‍ഗമാലതി ചെറുപ്പക്കാരി ആയതിനാലാണ് അതെന്നും ശശികല പറയുന്നു.

അതേസമയം, ദുര്‍ഗാമാലതി വരച്ച ചിത്രങ്ങളില്‍ ഒന്ന് മാസ് റിപ്പോര്‍ട്ടിങിനെ തുടര്‍ന്ന് ഫേസ് ബുക്ക് പിന്‍വലിച്ചു. ദുര്‍ഗ്ഗാമാലതിക്കുനേരെയുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.