കോഴിക്കോട് ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിയായ യുവാവിനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജീഷിനാണ് കൈയ്ക്ക് പരിക്കേറ്റത്.

വ്യാഴാഴ്ചയാണ് ലീജീഷ് ബഹ്‌റൈനില്‍ നിന്ന് വന്നത്. ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി രാത്രി പതിനൊന്നുമണിയോടെ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ലിജീഷ് ക്വാറന്റീനില്‍ കഴിഞ്ഞ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അക്രമി ഉള്ളില്‍ കടക്കുകയും കൈയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമി മുഖംമൂടി ധരിച്ചിരുന്നു. ലിജീഷിനെ കുത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.ലിജീഷ് തന്നെ അറിയിച്ചതനുസരിച്ച് നാട്ടുകാരെത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടിയ ശേഷം ലിജീഷ് വീണ്ടും ക്വാറന്റീനില്‍ പ്രവേശിച്ചു.

അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിക്കു നേരെയുളള വധശ്രമം എന്ന രീതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.എന്നാല്‍ ക്വാറന്റീനില്‍ കഴിയുന്ന വ്യക്തിയെ ആക്രമിച്ചതിനാല്‍ അക്രമിയേയും കണ്ടെത്തി ക്വാറന്റീനിലാക്കേണ്ട സാഹചര്യമുണ്ട്.അതിനാല്‍ തന്നെ അയാളെ എത്രയും വേഗം കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനാണ് പോലീസിന്റെ ശ്രമം.

SHARE