കോഴിക്കോട് മിനിബൈപ്പാസില്‍ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: മിനിബൈപ്പാസില്‍ മിസ് ആസ്പത്രിയ്ക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ യുവാവ് ആസ്പത്രിയില്‍ ചികിത്സയിലാണ്. മാങ്കാവ് കൂളിത്തറ കെ.കെ ലത്തീഫിന്റെ മകന്‍ പെരുമണ്ണ കുറുങ്ങോട്ടുങ്ങല്‍ താമസിക്കുന്ന കെ.കെ ഷബാദ്(31) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. മാങ്കാവ് സ്വദേശി ടി.മന്‍സൂറിനെ(29) ഗുരുതരപരിക്കുകളോടെ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈപ്പാസ് റോഡില്‍ നിന്ന് വളയനാട് ക്ഷേത്രഭാഗത്തേക്ക് പോവുന്ന ക്രോസ് റോഡിന് സമീപമാണ് അപകടമുണ്ടായത്. രാത്രിഡ്യൂട്ടിയ്ക്കുള്ള നഴ്‌സുമാരുമായി മിംസ് ആസ്പത്രിയിലേക്ക് വന്ന ബസ്സില്‍ ഷബാദും മന്‍സൂറും സഞ്ചരിച്ച ബൈക്ക് ഇടിയ്ക്കുകയായിരുന്നെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
ലോറിയെ മറികടക്കുന്നതിനിടെ ആസ്പത്രിയുടെ ബസ്സില്‍ ബൈക്കിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷബാദിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് മന്‍സൂറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ജംഷീനയാണ് ഷബാബിന്റെ ഭാര്യ. മക്കള്‍: സജാദ്, ഷെയ്ഖ, സിനാന്‍