കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢശ്രമം; യൂത്ത് ലീഗ്

കോഴിക്കോട്: ചികിത്സക്കായി മലബാറില്‍ ഉടനീളം ഉള്ള ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഗൂഢശ്രമം നടക്കുന്നതായി സംശയിക്കുന്നു. മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്നുകളും ശസ്ത്രക്രിയക്ക് ആവശ്യമായ വിവിധ ഉപകരണങ്ങളും ലഭ്യമല്ലാത്തതിനാല്‍ പാവപ്പെട്ട രോഗികള്‍ക്ക് മെഡിക്കല്‍ കേളേജില്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.

ദിവസേന ഇരുപതോളം ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി എന്നിവ ചെയ്തിരുന്ന കാത്‌ലാബ് ഇതിനകം അടച്ചു പൂട്ടി. ബൈപ്പാസ്സ് സര്‍ജറി അടക്കം മറ്റ് സര്‍ജറികളും നിലക്കാന്‍ പോകുകയാണ്. മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന വിതരണക്കാര്‍ക്ക് ഭീമമായ തുക കുടശ്ശിക വരുത്തിയത് കൊണ്ടാണ് ഈ സാഹചര്യം ഉണ്ടായത്. സ്വകാര്യ ആസ്പത്രികളെ സഹായിക്കുന്നതിന് വേണ്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുന്നത്. ആരോഗ്യ മന്ത്രിയുടെ അറിവോടെയാണോ ഇത് നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണം.

യു.ഡി.എഫ് ഭരണകാലത്ത് ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന കാരുണ്യ ഫണ്ട് മെഡിക്കല്‍ കോളേജിന് കൈമാറാതെ ട്രഷറിയില്‍ നിക്ഷേപിച്ച് ഇടത് സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുകയാണ്. ഇടത്പക്ഷ ഭരണകാലത്ത് ചികിത്സാ കമ്മറ്റികളെയും സോഷ്യല്‍ മീഡിയകളെയും ആശ്രയിച്ച് പണം സ്വരൂപിച്ച് സ്വകാര്യ ആസ്പത്രികളെ സമീപിക്കേണ്ട സാഹചര്യം രോഗികള്‍ക്ക് വര്‍ദ്ധിച്ചിരിക്കയാണ്. സേവന സന്നദ്ധരായ അത്തരം ആളുകളെ കുറ്റപ്പെടുത്തുന്നതിന് പകരം സര്‍ക്കാരിന്റെ ജോലി കൃത്യമായി നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വമാണ് ഭരണകൂടത്തിന് ഉള്ളത്. കാത്‌ലാബ് എത്രയും പെട്ടന്ന് തുറന്ന് പ്രവര്‍ത്തിപ്പിക്കാനും മരുന്നുകളും ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളും ലഭ്യമാക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യൂത്ത്‌ലീഗ് ആവശ്യപ്പെടുന്നു

SHARE