‘ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ബി.ജെ.പിക്ക് വോട്ട് മറിച്ചു’; നിര്‍ണായക വെളിപ്പെടുത്തലുമായി കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: കോലീബി ദുരാരോപണവും വോട്ടുകച്ചവട നുണക്കഥകളും രചിക്കുന്ന സി.പി.എമ്മിന് കനത്ത പ്രഹരമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് തന്നെ ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന സ്ഥിരീകരണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിനോടുള്ള വിരോധത്തില്‍ ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്റെ അനുയായികള്‍ തനിക്ക് വോട്ടു ചെയ്‌തെന്നാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ്ബാബുവിന്റെ വെളിപ്പെടുത്തല്‍.

മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ എന്നെ നേരിട്ട് വന്നു കണ്ട് സഹായം വാഗ്ദാനം ചെയ്‌തെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് പ്രകാശ് ബാബുവിന്റേത്. താന്‍ പിന്നീട് അവരെ പോയി കണ്ടു. അവരുടെ വോട്ടുകള്‍ കൃത്യമായി ബി.ജെ.പി ചിഹ്നത്തില്‍ വീണിട്ടുണ്ടെന്നും പ്രകാശ് ബാബു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത് രഹസ്യ ബാന്ധവത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

നേരത്തെ സി.പി.എം വിഭാഗീയതയുമായി ബന്ധപ്പെട്ട് കരുവശേരി, നെല്ലിക്കോട്, കുന്ദമംഗംലം എന്നിവിടങ്ങളില്‍ വലിയ പൊട്ടിത്തെറി നടന്നിരുന്നു. കരുവശേരിയില്‍ ലോക്കല്‍ സമ്മേളനം നിര്‍ത്തിവച്ച സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. നെല്ലിക്കോടും കുന്ദമംഗലത്തും വിമതര്‍ക്കെതിരെ കൂട്ടത്തോടെ നടപടിയെടുത്തിരുന്നു. ചെലവൂര്‍, നെല്ലിക്കോട്, കരുവശേരി, കുന്ദമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ സി.പി.എം വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയെന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ അവകാശവാദം. ഇതോടെ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചെന്ന് വ്യക്തമായി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസിനെ തോല്‍പിക്കാന്‍ പ്രദീപ്കുമാര്‍ ഉള്‍പ്പെട്ട വി.എസ് പക്ഷം ശ്രമിച്ചെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇതിനുള്ള പ്രതികാരമെന്നോണം റിയാസ് അനുകൂലികള്‍ വോട്ടു മറിച്ചെന്നാണ് പ്രകാശ്ബാബു പറയുന്നത്.

കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ യു.ഡി.എഫിന് മറിച്ചെന്ന സി.പി. എം ജില്ല സെക്രട്ടറി പി മോഹനന്റെ വിലാപത്തിന് പിന്നാലെയാണ് സി.പി.എം-ബി.ജെ.പി വോട്ടു മറിക്കല്‍ വെളിച്ചത്തായത്. വര്‍ഗീയ വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഡി. വൈ. എഫ്.ഐക്കും മുഹമ്മദ് റിയാസിനും ഈ വെളിപ്പെടുത്തല്‍ വലിയ പ്രഹരമാണ്. കോഴിക്കോട് സി.പി. എമ്മിലെ വിഭാഗീയത ആളിക്കത്തിക്കാനും വെളിപ്പെടുത്തല്‍ കാരണമാവും.

ഒരിക്കലും തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോരില്ലെന്ന സി.പി.എമ്മിന്റെ ഗീര്‍വാണത്തിനുള്ള തിരിച്ചടിയാണ് വോട്ട് ആനുകൂല്യം ലഭിച്ച എതിര്‍ സ്ഥാനാര്‍ഥിയുടെ തുറന്നുപറച്ചില്‍. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പിയെ വളര്‍ത്തുന്നതിലും സഹായിക്കുന്നതിലും എന്നും പ്രവര്‍ത്തിച്ചിട്ടുള്ള സി.പി.എം അതിനു പുകമറ സൃഷ്ടിക്കാന്‍ കോലീബി നുണക്കഥ ആവര്‍ത്തിക്കുന്നത് പതിവാണ്.