കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തിലുള്ളയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ഷാര്‍ജയില്‍ നിന്ന് നാട്ടില്‍ എത്തി നിരീക്ഷണത്തിലിരിെേക്കയാണ് ഇയാള്‍ കുഴഞ്ഞുവീണത്. എന്നാല്‍ മരിച്ചയാള്‍ക്ക് കോവിഡ് ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. കോഴിക്കോട് സ്വദേശി ഹാഷിം എന്നയാളുടെ സ്രവപരിശോധനഫലമാണ് നെഗറ്റീവ് ആയത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഹാഷിം കുഴഞ്ഞുവീണത്. ഉടനെ തന്നെ ഇദ്ദേഹത്തെ ബന്ധുക്കള്‍ മാഹി ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ഹാഷിം കോവിഡ് നിരീക്ഷണത്തിലുളള വ്യക്തിയാണെന്ന് ആശുപത്രി അധികൃതരോട് ബന്ധുക്കള്‍ പറഞ്ഞില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തലശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് ഇദ്ദേഹം മരിച്ചത്. ഇവിടെയുളള ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കോവിഡ് നിരീക്ഷണത്തിലുളളയാള്‍ മരിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാഹി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നിരീക്ഷണത്തില്‍ പോയി. ഇവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഹാഷിമിന്റെ പരിശോധനഫലം.
ഷാര്‍ജയില്‍ നിന്നെത്തിയ ഹാഷിം ആദ്യം സര്‍ക്കാരിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. തുടര്‍ന്ന് സൗകര്യം പോരാ എന്ന് പറഞ്ഞ് പെയ്ഡ് കേന്ദ്രത്തിലേക്ക് മാറി. പിന്നീട് വീട്ടിലേക്കും. അതിനിടെയാണ് കുഴഞ്ഞുവീണത്.