കോഴിക്കോട്: കോഴിക്കോട് സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം നിയന്ത്രണം കര്‍ശനമാക്കുന്നു. ഇന്നലെ കോഴിക്കോട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 63 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്പ്പറേഷന് തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ കണ്ടെത്തിയത്. ഇതിലൊരാളുടെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. വിദേശത്ത് നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫ്ലാറ്റുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍, തുടങ്ങി പൊതുജനം ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ നിന്നാണ് രോഗാവ്യാപനമുണ്ടായത് എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജില്ലയിലുടനീളം നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് ജില്ലാ ഭരണകൂടം. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെച്ചു. രാവിലെ 8 മണിക്ക് മുന്‍പായി 10 വാഹനങ്ങള്‍ക്ക് മാത്രമാണ് മാര്‍ക്കറ്റിലേക്ക് പ്രവേശനമുണ്ടാകുക.
പൊലീസ് അനുമതിയില്ലാത്ത പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും ഘോഷയാത്രകളും നിരോധിച്ചു. അനുമതിയോടെ നടത്തുന്ന പരിപാടികളില്‍ പത്തിലധികം പേര് പങ്കെടുക്കാനും പാടില്ല. കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും ഇനി ഒരറിയിപ്പ് വരെ നിര്‍ത്തിവച്ചു. രാത്രി 10 മുതല്‍ രാവിലെ 5 മണി വരെ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പിലാക്കാനും നിരീക്ഷണം ശക്തമാക്കാനും പൊലീസിന് നിര്‍ദേശം നല്കി. അഴിയൂര്‍, വാണിമേല്‍ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കോര്‍പ്പറേഷനിലെ പയ്യാനക്കല്‍ പുതിയങ്ങാടി ചെറുവണ്ണൂര്‍ ഈസ്റ്റ് ഡിവിഷനുകളും പുതുതായി കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.