കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചു

കോഴിക്കോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രാതാ നടപടികളുടെ ഭാഗമായി നഗരത്തിലെ ഏറ്റവും വലിയ മീന്‍വില്‍പ്പന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചു. ബുധനാഴ്ച മുതല്‍ ഓഗസ്റ്റ് രണ്ടുവരെ വില്‍പ്പനയുണ്ടാകില്ല.

സംസ്ഥാനത്തെ പല മാര്‍ക്കറ്റുകളിലും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വ്യാപാരികളുടേയും തൊഴിലാളികളുടേയും തീരുമാനം. മലപ്പുറം ജില്ലയിലെ ചില മാര്‍ക്കറ്റുകള്‍ അടച്ചതോടെ ഇവിടേക്ക് എത്തുന്നവരുടെ തിരക്ക് കൂടാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് തീരുമാനമെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് പ്രസിഡന്റ് എം.പി. അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

നിലവില്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ച മീന്‍ ബുധനാഴ്ചയോടെ വിറ്റ് തീര്‍ക്കും. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പത്ത് ലോറികള്‍ക്ക് മാത്രമായി വില്‍പ്പന നിയന്ത്രിച്ചിരുന്നു.

തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വണ്ടികളൊന്നും ബുധനാഴ്ച മുതല്‍ എത്തില്ല. ഇനി ഓഗസ്റ്റ് മൂന്നിന് മാത്രമേ മീന്‍ കൊണ്ടുവരികയുള്ളൂവെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മിഷന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍.സി. റഷീദ് പറഞ്ഞു. പ്രാദേശികമായുള്ള മീന്‍ മാത്രമായിരിക്കും ഇനി മാര്‍ക്കറ്റുകളില്‍ ലഭിക്കുക.

SHARE