കോഴിക്കോടിനെ ആശങ്കയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ പിടിയില്‍; ഭീതി പരത്തിയത് താന്‍ തന്നെയെന്ന് യുവാവിന്റെ കുറ്റസമ്മതം

കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ബ്ലാക്ക്മാനായി ഭീതിപടര്‍ത്തിയ ബ്ലാക്ക്മാന്‍ പിടിയില്‍. തലശ്ശേരി സ്വദേശിയായ അജ്മലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസബ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രികാലങ്ങളിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ച് കടന്നുകളയുകയും ചെയ്തത് താനാണെന്ന് അജ്മല്‍ സമ്മതിച്ചത്. നാട്ടുകാര്‍ പിന്നാലെ പാഞ്ഞ സമയങ്ങളിലെല്ലാം കല്ലെടുത്തെറിഞ്ഞാണ് കടന്നുകളഞ്ഞത്. സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതാണ് ഇഷ്ടവിനോദം. സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കൃത്യമായ തെളിവാണെന്ന് പൊലീസ് വ്യക്തമാക്കി.

ശനി പുലര്‍ച്ചെയാണ് കസബ പൊലീസ് നാടിനെ വിറപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടുന്നത്. രാത്രി കാലങ്ങളില്‍ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗീക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഊര്‍ജിതമായ തിരച്ചിലിലായിരുന്നു. വിവസ്ത്രനായാണ് പ്രതി നഗരത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

സിസിടിവി ദൃശ്യങ്ങളില്‍ അത് വ്യക്തമാണ്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി നഴ്‌സിന് നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗണ്‍ സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇന്നലെ രാത്രി കല്ലായി റോഡിലെ ഒരു വീട്ടില്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്, പുലര്‍ച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തു വെച്ചാണ് പ്രതിയെ പിടികൂടിയത്, കോവിഡ് 19 പശ്ചാത്തലത്തില്‍ ജയില്‍ മോചിതനായ പ്രതിയുടെ കൈയ്യില്‍ നിന്നും 25 മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കസബ സി.ഐ ബിനു തോമസ് എസ്.ഐ സിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്‌

SHARE