വാഹന പരിശോധനക്കിടെ കോഴിക്കോട് വന്‍ കവര്‍ച്ചാ സംഘം വലയില്‍

പിടിയിലായത് നഗരത്തിലെ പേടി സ്വപ്‌നങ്ങള്‍

മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്ത ബൈക്കുകളും കമ്പ്യൂട്ടറും മറ്റും

കോഴിക്കോട്: വാഹന പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് കടക്കുമ്പോള്‍ നാടകീയമായി കീഴ്‌പ്പെടുത്തിയ യുവാവിന്റെ വെളിപ്പെടുത്തലില്‍ വലയിലായത് വന്‍ കവര്‍ച്ചാ സംഘം. താമരശ്ശേരി അമ്പായിത്തോട് കമ്പിക്കുന്നുമ്മല്‍ ആഷിക്കാണ് (27) ആദ്യം പിടിയിലായത്. ഇയാളില്‍ നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് മറ്റു പ്രതികള്‍ പിടിയിലായത്.

വെസ്റ്റ് മാങ്കാവ് ഷബീര്‍ അലി, ചെലവൂര്‍ കോരക്കുന്നുമ്മല്‍ സനുഷഹല്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിലെ പ്രധാനികളായ പൊക്കുന്ന് മേച്ചേരി അക്ഷയ് സജീവ്, അതുല്‍, കൊമ്മേരി പൂതാന്‍ അതുല്‍, രാഘവ് എന്നിവരെ പിടികൂടിയത്. തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് കളവ് ചെയ്ത ഒമ്പത് ബൈക്കുകളും രണ്ടു കമ്പ്യൂട്ടറുകളും ഒരു ടെലിവിഷന്‍, രണ്ട് ടാബുകള്‍, എട്ട് ബാറ്ററി, മൂന്ന് മോട്ടോര്‍, നാലു സ്‌പോട്ട് ലൈറ്റ് തുടങ്ങി നിരവധി കളവ് മുതലുകള്‍ പൊലിസ് പിടിച്ചെടുത്തു.
പൊലീസ് പറയുന്നത്: നഗരത്തില്‍ രാത്രി സമയങ്ങളിലുള്ള പിടിച്ചുപറിയും കളവും അനാശ്യാസ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പൊലിസ് നടപടി ശക്തമാക്കിയതിന്റെ ഭാഗമായി വാഹന പരിശോധന നടത്തുമ്പോഴാണ് നാടകീയമായി പിടിയിലായത്.

വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്‍തുടര്‍ന്ന് ജില്ലാ ജയിലിന് മുന്‍വശം വെച്ച് പൊലീസ് വാഹനം കൊണ്ട് ബ്ലോക്ക് ചെയ്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടിയപ്പോള്‍ മല്‍പ്പിടുത്തത്തിലൂടെ എസ്.ഐ സിജിത്തും പൊലിസുകാരായ സന്ദീപും, അനുജും ചേര്‍ന്ന് അതി സാഹസികമായി പ്രതിയെ കീഴ്‌പ്പെടുത്തി. കസബ സി.ഐ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ എസ് ഐ സിജിത്തും സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ റസാഖിന്റെ കീഴിലുള്ള സപെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ക്രൈംം സ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, അബ്ദുള്‍റഹ്മാന്‍ കെ, മനോജ് ഇ രണ്‍ദീര്‍, രമേഷ് ബാബു, സുജിത്ത് സി.കെ, ഷാഫി, കസബ പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഇസ്മയില്‍, എ.എസ്.ഐ ദിനേശന്‍, പൊലീസുകാരായ ജിനീഷ്, മഹേഷ് ബാബു, ശ്രിജേഷ് എന്നിവരുമുണ്ടായിരുന്നു.

പിടിയിലായത് നഗരത്തിലെ പേടി സ്വപ്‌നങ്ങള്‍

കോഴിക്കോട്: വാഹന പരിശോധനക്കിടെ രക്ഷപ്പെടുമ്പോള്‍ പൊലീസ് പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തിയ പ്രതിയില്‍ നിന്ന് പൊലീസ് വലയില്‍ കുടുക്കിയത് നഗരത്തിലെ പേടി സ്വപ്‌നങ്ങളായ കവര്‍ച്ചാ സംഘത്തെ. കൊള്ള, പിടിച്ചുപറി, മയക്കുമരുന്ന് വ്യാപാരം, അനാശാസ്യം, ബ്ലാക്ക് മെയിലിംഗ് എന്നിവയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സ്ഥിരം പ്രശ്‌നക്കാര്‍ ജാമ്യം നേടി വീണ്ടും സജീവമാകുമോയെന്നതും കണ്ടറിയണം. പ്രതികളെല്ലാം ലഹരിക്കും മയക്കമരുന്നിനും മറ്റും അടിമകളാണെന്ന് പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി കാല്‍നടയായി സ്റ്റാന്റിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായിരുന്നു ഇവര്‍. സംഘത്തിന്റെ നേതാവായ അമ്പായിയോട് ആദിക്ക് സിറ്റിയില്‍ നിരവധി കേസ്സുകളിലെ പ്രതിയാണ്.

മയക്കുമരുന്നിന് അടിമയായ ഇയാള്‍ ചെറുപ്പത്തിലെ കോഴിക്കോട് നഗരത്തില്‍ എത്തിയതാണ്. അനാശാസ്യം നടത്തുന്ന സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുകയും അസമയത്ത് യാത്ര ചെയ്യുന്നവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണവും മൊബൈലും മറ്റം കവര്‍ന്നിട്ടുണ്ട്. പലപ്പോഴും പലരും മാനഹാനി ഭയന്ന് പരാതിപ്പെടാറില്ല.
ഇതു മുതലെടുത്ത് ഇയാള്‍ വിണ്ടും വീണ്ടും ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നു. കയ്യില്‍ കത്തിയുമായി കറങ്ങുന്ന ഇയാള്‍ പലപ്പോഴും പൊലിസിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പൊലിസിന്റെ പിടിയിലായാല്‍ തന്നെ സ്വയം മുറിവേല്‍പ്പിച്ചും പരിക്കേല്‍പ്പിച്ചും രക്ഷപ്പെടുകയാണ് പതിവ്. ഇയാളുടെ ശരീരത്തില്‍ സ്വയം കീറിമുറിച്ച 150 ഓളം ഉണങ്ങിയ മുറിപ്പാടുകളുണ്ട്. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ഇയാളെ പലര്‍ക്കും പേടിയാണ്.

രാത്രികാലങ്ങളില്‍ കോഴിക്കോട് നഗരത്തില്‍ അരങ്ങേറ്റന്ന പല അനാശാസ്യ പ്രവര്‍ത്തനത്തിനും ചുക്കാന്‍ പിടിക്കുന്നത് ആഷിക്കാണ്. കോഴിക്കോട് നഗരത്തെപറ്റി ശരിക്കും മനസ്സിലാക്കിയ ഇയാള്‍ തെരുവ് വിളക്കോ സി.സി ടി.വിയോ ഇല്ലാത്ത സ്ഥലങ്ങളെയാണ് വിഹാര കേന്ദ്രമാക്കുന്നത്. ജില്ലയില്‍ നിരവധി സ്‌റ്റേഷനില്‍ കേസുള്ള ഇയാള്‍ താമരശ്ശേരി പൊലിസ് വാറണ്ട് കേസില്‍ പിടികൂടാനെത്തിയപ്പോള്‍ കത്തി കാട്ടി രക്ഷപ്പെട്ടിട്ടുണ്ട്.
സംഘത്തിലെ മറ്റൊരു പ്രതിയായ ഷബീര്‍ അലി എന്ന വെള്ളയില്‍ അലി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാള്‍ മുന്‍പ് മയക്കുമരുന്ന് കേസില്‍ കുവൈത്ത് ജയിലിലും കിടന്നിട്ടുണ്ട്. രാത്രികാലങ്ങളില്‍ അസമയത്ത് മദ്യപിച്ചും ലഹരി ഉപയോഗിച്ചം ബോധമില്ലാകെ കിടക്കുന്ന ആളുകളുടെ മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുന്ന രീതി ‘മേച്ചില്‍’ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ഇനി പിടികിട്ടാനുള്ള മുടിക്കല്‍ സ്വദേശിയായ അക്ഷയ് സജിവ് കോഴിക്കോട് നഗരത്തിലെ മയക്കു മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയും മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ച വില്‍ക്കുന്നതില്‍ വിദഗ്ധനുമാണ്.

SHARE