കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമ്പൂര്‍ണ്ണ അപസ്മാര ക്ലിനിക് ‘എമേസ്’ ഉദ്ഘാടനം നിര്‍വഹിച്ചു

കോഴിക്കോട് : അപസ്മാര ചികിത്സാ രംഗത്ത് ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാ മര്‍ഗ്ഗങ്ങള്‍ സമന്വയിപ്പിച്ച് ഉത്തര കേരളത്തിലെ ഏക സമ്പൂര്‍ണ്ണ എപ്പിലപ്സി സെന്ററായ എമേസ് (ആസ്റ്റര്‍ മിംസ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപ്പിലെപ്സി) പ്രവര്‍ത്തനം ആരംഭിച്ചു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ സെന്ററിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. യൂണിറ്റ് ഉദ്ഘാടനം പ്രശസ്ത ന്യൂറോസര്‍ജന്‍ ഡോ. ജേക്കബ് ആലപ്പാട്ട് നിര്‍വ്വഹിച്ചു.

മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് പുറമെ എപ്പിലെപ്സി ശസ്ത്രക്രിയ, തലച്ചോറിനുള്ളിലെ കോശങ്ങളെ ഉദ്ദീപിപ്പിച്ച് അപസ്മാരം ഇല്ലാതാക്കുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍, കഴുത്തിലൂടെ തലച്ചോറിലേക്ക് സഞ്ചരിക്കുന്ന വെഗസ് ഞരമ്പിനെ ഉത്തേജിപ്പിക്കുന്ന വേഗസ് നര്‍വ് സ്റ്റിമുലേഷന്‍, വീഡിയോ ഇ ഇ ജി, ഇന്‍വാസീവ് ഇ ഇ ജി മോണിറ്ററിംഗ് മുതലായവയെല്ലാം എമേസില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡോ. സച്ചിന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് എമേസ് പ്രവര്‍ത്തിക്കുന്നത്.

ചടങ്ങില്‍ ശ്രീ. സമീര്‍ പി ടി (സി. ഒ. ഒ), ഡോ. നൗഫല്‍ ബഷീര്‍, ഡോ. അബ്ദുറഹ്മാന്‍, ഡോ. മുരളീ കൃഷ്ണന്‍, ഡോ.ശ്രീകുമാര്‍, ഡോ. അരുണ്‍ കുമാര്‍, ഡോ. ശ്രീവിദ്യ, ഡോ. സ്മിലു മോഹന്‍ലാല്‍, ഡോ. പോള്‍ ആലപ്പാട്ട്, എന്നിവര്‍ സംസാരിച്ചു.

അപസ്മാരത്തെ സംബന്ധിച്ച് മിംസ് ന്യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സച്ചിന്‍ സുരേഷ് ബാബു പറയുന്നത്:

നൂറില്‍ ഒരാള്‍ക്ക് അപസ്മാരമുണ്ട് എന്നാണ് പൊതുവായ കണക്ക്. ഇതില്‍ എഴുപത് ശതമാനത്തോളം പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ കുറവായ ഒന്നോ രണ്ടോ മരുന്നുകളാല്‍ പൂര്‍ണ്ണമായും രോഗശാന്തി ലഭിക്കും. മരുന്നുകള്‍ പരാജയപ്പെടുന്ന രോഗികളാണ് സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുകയും കഷ്ടതകള്‍ അനുഭവിക്കുകയും ചെയ്യുന്നത്. ഇനി എന്ത് ചെയ്യണം എന്നറിയില്ല, രോഗം ഭേദമാകുമെന്ന പ്രത്യാശയുമില്ല എന്നതാണ് ഇവരനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.

മേല്‍പറഞ്ഞിരിക്കുന്ന രോഗികളില്‍ വലിയ ഒരു വിഭാഗത്തിന് പൂര്‍ണ്ണമായും രോഗം ഭേദമാക്കാന്‍ സാധിക്കുന്ന ശസ്ത്രക്രിയാ രീതി നിലവിലുണ്ട്. തലച്ചോറിനകത്ത് അപസ്മാരത്തിന് കാരണമാകുന്ന ശ്രോതസ്സിനെ കണ്ടെത്തുകയാണ് പ്രധാനം. ഇത് തിരിച്ചറിയുവാന്‍ ഇന്ന് ഫലപ്രദമായ പല മാര്‍ഗ്ഗങ്ങളുണ്ട്. 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന വീഡിയോ റെക്കോര്‍ഡ് ആണ് ഇതില്‍ പ്രധാനപ്പെട്ടത്. രോഗിയുടെ മരുന്ന് കുറച്ച ശേഷം അപസ്മാരം ഉണ്ടാകുവാന്‍ ആനുവദിക്കുകയും തത്സമയം വീഡിയോ റെക്കോര്‍ഡിങ്ങിലും ഇ ഇ ജി യിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു. അപസ്മാരത്തിന്റെ ലക്ഷണങ്ങളും ഇ ഇ ജി യിലെ വ്യതിയാനങ്ങളും രോഗിയുടെ ബന്ധുക്കള്‍ നല്‍കുന്ന അസുഖ വിവരങ്ങളും കോര്‍ത്തിണക്കി അപസ്മാരത്തിന്റ ഉത്ഭവ സ്ഥാനത്തെക്കുറിച്ച് ഒരു പരികല്‍പ്പന (Hypothesis) രചിക്കപ്പെടുന്നു.

തലച്ചോറില ഘടനാപരമായ വ്യത്യാസങ്ങള്‍ വിശദമായി നിരീക്ഷിക്കുന്നതിന് Epilepsy Protocol MRI സഹായകരമാകുന്നു. കൂടാതെ PET Scan, HD EEG, MEG, Stereo EEG ഇങ്ങനെ പലവിധത്തിലുള്ള പരിശോധനകളും ചിലരില്‍ ആവശ്യമായി വന്നേക്കാം. ഇങ്ങനെ അപസ്മാരത്തിന് കാരണമാകുന്ന ശ്രോതസ്സിനെ കണ്ടെത്തിയ ശേഷം അതിനെ നീക്കം ചെയ്യുകയോ, ഇതര ഭാഗങ്ങളിലേക്കുള്ള ബന്ധം വിച്ഛേദിക്കുകയോ ചെയ്യുന്നതിനാല്‍ ഭൂരിഭാഗം രോഗികളും അപസ്മാര വിമുക്തരാകും. ദിവസം അഞ്ചോ പത്തോ പ്രാവശ്യം വരെ ഉണ്ടാകുന്ന രോഗത്താല്‍ സാധാരണ ജീവിതം അന്യമായിതീര്‍ന്ന ഇവര്‍ക്ക് തങ്ങളുടെ ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും ഉള്ള മടക്കയാത്രയായി തീരുന്നു ഈ ശസ്ത്രക്രിയ. കൂടുതല്‍ പേര്‍ക്കും അസുഖം പൂര്‍ണ്ണമായി ഭേദമാക്കാന്‍ ശസ്ത്രക്രിയയിലൂടെ സാധിക്കുമ്പോള്‍ ചെറിയ ഒരു വിഭാഗത്തിന് രോഗത്തിന്റെ കാഠിന്യം കുറയ്ക്കുവാനും ഇതുവഴി സാധിക്കുന്നു.

ശസ്ത്രക്രിയ സാധ്യമല്ലാത്ത രോഗികളില്‍ തലച്ചോറിനുള്ളിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന Deep Brain Stimulation എന്ന പ്രക്രിയ, അല്ലെങ്കില്‍ കഴുത്തിലൂടെ തലച്ചോറിലേക്ക് സഞ്ചരിക്കുന്ന Vagus ഞരമ്പിനെ ഉത്തേജിപ്പിക്കുന്ന Vagus Nerve Stimulation എന്നിവ പ്രയോജനപ്രദമായേക്കാം. ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് പ്രോട്ടീനും കൊഴുപ്പും വര്‍ദ്ധിപ്പിക്കുന്ന കീറ്റോജനിക് ഡയറ്റ് ചില രോഗികളില്‍ വളരെ ഫലപ്രദമായി കാണപ്പെടുന്നു. രോഗത്തിന്റെ ചികിത്സ കൂടാതെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ഏറ്റവും പ്രധാനമായും രോഗിയും കുടുംബങ്ങളും ഈ അസുഖത്തെ ചികിത്സിക്കാന്‍ കഴിയുന്ന ഒരു സാധാരണ രോഗമായി കരുതണം. തക്കതായ ചികിത്സ തേടുകയും ചെയ്യണം. കൂടാതെ ഈ വ്യക്തിക്ക് വേണ്ട ധൈര്യവും പിന്തുണയും നല്‍കണം. അവരെ സമൂഹത്തില്‍ നിന്നോ, ജോലി, വിദ്യാഭ്യാസം, കുടുംബ ജീവിതം ഇങ്ങനെ ഒരു മേഖലയില്‍ നിന്നും അകറ്റി നിര്‍ത്താതെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കണം.

SHARE