ജുമുഅ പ്രസംഗം കേട്ട് കുറ്റബോധം; വീട്ടമ്മയ്ക്ക് തിരിച്ചു കിട്ടിയത് 36 വര്‍ഷം മുമ്പുള്ള മാല

കോഴിക്കോട്: ജുമുഅ നമസ്‌കാരത്തിലെ ഉദ്‌ബോധന പ്രസംഗം കേട്ട് മോഷ്ടാവിന് കുറ്റബോധം തോന്നിയപ്പോള്‍ തിരിച്ചു കിട്ടിയത് മൂന്നരപ്പതിറ്റാണ്ടു മുമ്പ് കളവു പോയ മാലയുടെ വില. കൊടിയത്തൂര്‍ മഹല്ലിലെ മാട്ടുമുറിക്കല്‍ ഇയ്യാത്തുവിനാണ് (55) 36 വര്‍ഷം മുന്‍പു നഷ്ടപ്പെട്ട രണ്ടു പവന്‍ സ്വര്‍ണ മാലയുടെ വില തിരിച്ചു കിട്ടിയത്.

ജുമുഅ നിസ്‌കാരത്തോടനുബന്ധിച്ചു മഹല്ലു ഖാസി എം.എ.അബ്ദുസ്സലാം നടത്തിയ ഖുത്തുബയാണ് പഴയ മോഷ്ടാവിന്റെ ഹൃദയത്തില്‍ തൊട്ടത്. പ്രായശ്ചിത്തവും തെറ്റും തിരുത്തലും എന്നതായിരുന്നു ഖത്തീബിന്റെ പ്രസംഗവിഷയം. പഴയ കൃത്യത്തില്‍ കുറ്റബോധം തോന്നിയ വിശ്വാസി അടുത്ത സുഹൃത്തു വഴി ഖാസിയുമായി മോഷണക്കഥ പങ്കുവച്ചു.

ഖാസിയുടെ നിര്‍ദേശപ്രകാരം സുഹൃത്തു മുഖേന മാലയുടെ വില ഇയ്യാത്തുവിന്റെ വീട്ടിലെത്തിച്ചു നല്‍കുകയായിരുന്നു. ദുരിതക്കാലത്ത് നിവൃത്തികേടു കൊണ്ടാണ് മോഷണം നടത്തിയത് എന്നും മാപ്പാക്കണമെന്നും അപേക്ഷിച്ചു.

അത്യധികം സന്തോഷത്തോടെയാണ് ഇയ്യാത്തു മോഷ്ടാവിനോടു ക്ഷമിച്ചത്. വില സ്വീകരിച്ച അവര്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. ഇയ്യാത്തുവിന്റെ വിവാഹസമയത്തു മാതാവ് കൂലിവേല ചെയ്തു വാങ്ങിക്കൊടുത്തതായിരുന്നു മാല. ഇയ്യാത്തുവിന്റെ പത്തൊന്‍പതാം വയസ്സില്‍ വീട്ടില്‍ നിന്നു മാല കളവു പോകുമ്പോള്‍ പവന് 1600 രൂപയോളമായിരുന്നു വില. ഇന്നത്തെ വിപണിവിലയനുസരിച്ച് എഴുപത്തിരണ്ടായിരത്തില്‍പരം രൂപ കിട്ടണം. അത്രയും കൊടുക്കാന്‍ പഴയ മോഷ്ടാവിന് ശേഷിയില്ല എങ്കിലും തരക്കേടില്ലാത്ത തുക നല്‍കിയാണ് അദ്ദേഹം പഴയ കടം വീട്ടിയത്.

SHARE