കൊട്ടിയൂരില്‍ ആയുധങ്ങളുമായെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു

കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ ഇന്നലെയെത്തിയ ആയുധധാരികളായ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. പൊലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. തോക്കടക്കമുള്ള ആയുധവുമേന്തി മുദ്രാവാക്യം വിളിച്ച് ഇന്നലെ രാത്രി ആറര മണിയോടെയാണ് ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമെത്തിയത്. രാമു, കീര്‍ത്തി, കവിത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു.

ആര്‍.എസ് എസ് വര്‍ഗീയത വളര്‍ത്തുന്നു, എതിരായി പ്രവര്‍ത്തിക്കുന്നവരെ ചുട്ടുകൊല്ലുന്നു, ഇതിന് മോദി കൂട്ടുനില്‍കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവര്‍ വിളിച്ചത്. ടൗണില്‍ ലഘുരേഖകളും വിതരണം ചെയ്തിരുന്നു. ടൗണിലെ ഒരു കടയില്‍ സാധനങ്ങളുടെ ലിസ്റ്റും 300 രൂപയും കൊടുത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ളവയും വാങ്ങിയാണ് സംഘം മടങ്ങിയത്. സംഘത്തിന്റെ ചിത്രം കടയിലെ സി.സി.ടി.വിയില്‍ തെളിഞ്ഞിട്ടുണ്ട്.

മലയാളത്തിലാണ് ഇവര്‍ സംസാരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ പോസ്റ്ററുകളും ചുമരുകളില്‍ പതിപ്പിച്ചിരുന്നു. ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്നാണ് പോസ്റ്ററിലുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

SHARE