കൊച്ചി: പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിക്കാമെന്നും അതിനായി രണ്ടു മാസത്തെ താല്‍ക്കാലിക ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ. റോബിന് വടക്കുഞ്ചേരി ഹൈക്കോടതിയില്‍.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഫാ. റോബിന് താല്‍ക്കാലിക ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ ആവശ്യത്തെ പ്രോസിക്യൂഷന് എതിര്‍ത്തു. വിവാഹത്തിനുള്ള നടപടിക്രമങ്ങള്‍ക്കായി ജാമ്യത്തിന്റെ ആവശ്യമില്ലെന്നും ശിക്ഷാവിധിയ്ക്ക് എതിരായ അപ്പീല്‍ നിലവിലിരിക്കേ ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചതിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അംബികാദേവി വാദിച്ചു.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 20 വര്‍ഷത്തെ കഠിനതടവിനാണ് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരിയും എംഐംഎച്ച്എസ്എസ് ലോക്കല്‍ മാനേജരുമായ ഫാ. റോബിനെ ശിക്ഷിച്ചത്. പ്രധാന സാക്ഷികളെല്ലാം കൂറുമാറിയ കേസില്‍ ഡി.എന്‍.എ. പരിശോധനാഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്.