കോഴിമുട്ടക്ക് വാലോ? വാല്‍ മാത്രമല്ല, നിറവും പച്ച! അത്ഭുതങ്ങള്‍ തീരുന്നില്ല ഈ വളര്‍ത്തുപക്ഷി കേന്ദ്രങ്ങളില്‍


കോട്ടക്കല്‍: വലിയപറമ്പ് പാപ്പാലി കോമുക്കുട്ടി ഹാജിയുടെ വീട്ടിലെ കോഴിയിട്ട മുട്ട. മുട്ടയിലെ സ്പ്രിങ് പോലുള്ള വാല്‍ ആണ് നാട്ടുകാര്‍ക്ക് കൗതുകമായിരിക്കുന്നത്. വിശദമായ പരിശോധനക്ക് അയക്കുമെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. പി.എം. ഹരി നാരായണന്‍ പറഞ്ഞു.

കോട്ടക്കല്‍ ഒതുക്കുങ്ങലിലെ ശിഹാബുദ്ദീന്‍ വളര്‍ത്തുന്ന കോഴികളുടെ പ്രത്യേകത വേറെയാണ്. ഇവയിടുന്ന മുട്ടകള്‍ക്കുള്ളിലെ മഞ്ഞക്കരുവിന്റെ നിറം കടുംപച്ചയാണ്. ഒന്നര വര്‍ഷമായി അമ്പലവന്‍ കളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്‍ കോഴി വളര്‍ത്തല്‍ തുടങ്ങിയിട്ട്. 10 മാസം മുന്‍പാണ് ആദ്യമായി കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിട്ടു തുടങ്ങിയത്.

കോഴികളുടെ ഭക്ഷണത്തില്‍ പരുത്തിക്കുരു, പച്ചപ്പട്ടാണി, ബേക്കറി ഇനങ്ങള്‍ എന്നിവ കലര്‍ന്നതുമൂലം മഞ്ഞക്കരുവില്‍ സള്‍ഫറിന്റെ അംശം കൂടിയതാണ് നിറംമാറ്റത്തിന് കാരണമെന്നു സംശയിക്കുന്നതായി കഞ്ഞിപ്പുര ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രോജക്ട് ഓഫിസര്‍ ഡോ.ബി.സുരേഷ് പറഞ്ഞു. കൂടുതല്‍ ശാസ്ത്രീയ പഠനം നടത്തുമെന്നും അറിയിച്ചു. എന്തായാലും സ്പെഷല്‍ മുട്ടകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഒരാഴ്ച മുന്‍പ് ചോദിച്ചവര്‍ക്കു പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് ശിഹാബുദ്ദീന്‍ പറയുന്നു.

SHARE