കൊറോണ ഇഫക്റ്റ്: സ്വര്‍ണവില കൂപ്പുകുത്തി

കൊച്ചി: കൊറോണ വൈറസ്‌ വ്യാപകമായതിനെ തുടര്‍ന്ന് സ്വര്‍ണ്ണവിലയിലും ഇടിവ്. ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പം സ്വര്‍ണവിലയും കൂപ്പുകുത്തി. ആഭ്യന്തര വിപണിയില്‍ പവന് 1200 രൂപയാണ് വെള്ളിയാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ പവന്റെ വില 30,600 രൂപയായി. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയായി. നാലുദിവസം കൊണ്ട് 1720 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്.

മാര്‍ച്ച് ഒമ്പതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയില്‍ സ്വര്‍ണവിലയെത്തിയിരുന്നു. പിന്നീട് തുടര്‍ച്ചയായി നാലുദിവസം വില മാറ്റമില്ലാതെ തുടര്‍ന്നു. ആഗോളഓഹരിവിപണികളിലെ ഇടിവാണ് സ്വര്‍ണത്തിന് തുണയായത്. അസംസ്‌കൃത എണ്ണ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതും സ്വര്‍ണത്തെ സ്വാധീനിച്ചു.

അതേസമയം, ലോകം മുഴുവന്‍ കൊറോണ വൈറസ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ തന്നെ തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.40 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ വലിയ നഷ്ടത്തില്‍ നിന്നും വ്യാപാരം ആരംഭിച്ച വിപണിയില്‍ ഇന്നും വലിയ നേട്ടമുണ്ടാക്കാനായില്ല. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്‌സ് 3000 പോയിന്റ് താഴേക്ക് പോയി 29000 ല്‍ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നേരിട്ട അവസ്ഥയാണ് ഇന്നും വിപണി നേരിടുന്നത്.

തുടര്‍ന്ന് 45 മിനിറ്റ് വ്യാപാരം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്നും ഇന്നലെയുമായി 23.64 ട്രില്യണ്‍ ഡോളറാണ് നിക്ഷേപകര്‍ക്ക് നഷ്ടമായിരിക്കുന്നത്. നിര്‍ത്തിവച്ച വ്യാപാരം 10.20ന് ആരംഭിക്കുമെന്നാണ് കരുതുന്നത്. നിഫ്റ്റി 966 പോയിന്റ് താഴ്ന്ന് 8624ല്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ ബിഎസ്ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടായത്.

SHARE