കൂടത്തായി കേസ് അട്ടിമറിക്കാന്‍ നീക്കം: രഹസ്യ റിപ്പോര്‍ട്ട്

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് അട്ടിമറിക്കാന്‍ രഹസ്യനീക്കം നടക്കുന്നു. കേസിന്റെ വിചാരണവേളയില്‍ അട്ടിമറിക്കാന്‍ രഹസ്യനീക്കം നടക്കുന്നതായി അന്വേഷണ സംഘത്തലവനായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ ഡിജിപിക്ക് രഹസ്യ റിപ്പോര്‍ട്ട് നല്‍കി. കേസ് അട്ടിമറിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ചില സര്‍ക്കാര്‍ അഭിഭാഷകര്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൂടത്തായി കേസ് അന്വേഷിച്ച സംഘത്തിനെതിരെ ചില അഭിഭാഷകരുടെ നേതൃത്വത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട ടോം തോമസിന്റെ പേരിലുള്ള വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ അഭിഭാഷകനെ കേസില്‍ പ്രതി ചേര്‍ത്തതും മുഖ്യപ്രതി ജോളി ജോസഫ് നിയമോപദേശം തേടിയ അഭിഭാഷകനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചതെന്നു സൂചനയുണ്ട്.

കേസില്‍ പ്രതിയാകുമെന്നു കരുതിയ ചിലരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിലുള്ള ചിലരുടെ നിരാശയും ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുണ്ട്. കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ്, സിലി വധക്കേസുകളുടെ വിചാരണ അടുത്ത മാസം തുടങ്ങാനിരിക്കെ ഈ നീക്കം ഗൗരവത്തോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

SHARE