ജോളിയടക്കമുള്ള പ്രതികളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യ പ്രതി ജോളിയും കൂട്ടു പ്രതികളായ മാത്യുവും പ്രജുകുമാറും

താമരശ്ശേരി: റോയ് വധക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ പ്രതികളെ വിട്ടത്.

ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെയാണ് കോടതി ഒക്ടോബര്‍ 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ അഭിഭാഷകര്‍ പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിനെ എതിര്‍ത്തില്ലെങ്കിലും 11 ദിവസത്തേക്ക് വിട്ടു കൊടുക്കുന്നതിനെ മാത്യുവിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.

കോടതിയിലെത്തിയ ജോളിയില്‍ അഡ്വ. ബിഎ ആളൂരിന്റെ സംഘത്തില്‍പ്പെട്ട അഭിഭാഷകന്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കസ്റ്റഡിയില്‍ പോകാന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഇല്ല എന്ന് മാത്യു മറുപടി പറഞ്ഞപ്പോള്‍ പ്രജുലും ജോളിയും ബുദ്ധിമുട്ടില്ലെന്ന തരത്തില്‍ തലയാട്ടി.

ആദ്യം പ്രജുകുമാറിനേയും പിന്നെ ജോളിയേയുമാണ് കോടതിമുറിയിലെത്തിച്ച് ഇവര്‍ക്ക് ശേഷം ഒരല്‍പം വൈകിയാണ് മാത്യു കോടതിയിലെത്തിയത്. കോടതിമുറിയില്‍ മാത്യുവും ജോളിയും നിശബ്ദരായി നിന്നപ്പോള്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു പ്രജു കുമാര്‍. വന്‍ജനക്കൂട്ടമാണ് പ്രതികളെ എത്തിക്കുന്ന വാര്‍ത്തയറിഞ്ഞ് താമരശ്ശേരി കോടതിക്ക് മുന്നില്‍ തടിച്ചു കൂടിയത്. കനത്ത സുരക്ഷയാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്.

ജോളിയെ കസ്റ്റഡിയില്‍ കിട്ടിയതോടെ കൂടത്തായി കൂട്ടക്കൊലയില്‍ കൂടുതല്‍ ഊര്‍ജ്ജിതമായ അന്വേഷണമായിരിക്കും ഇനി പൊലീസ് നടത്തുക. പത്ത് പേരുള്ള അന്വേഷണസംഘത്തെ ഇന്നലെ 35 പേരുള്ള സംഘമായി ഡിജിപി ഇന്ന് വിപുലപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തിലേക്ക് ഇനിയും ആളുകളെ ചേര്‍ക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഇത്രയു ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. ജോളിയും പ്രജുകുമാറും ജില്ലാ ജയിലിലും മാത്യു തൊട്ട് ഇപ്പുറത്തെ സബ് ജയിലിലുമായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു തരാനായി പൊലീസ് അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയത്.

ജയിലിന് പുറത്തു വന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം പെരുച്ചാഴിയെ കൊല്ലാന്‍ എന്നു പറഞ്ഞാണ് മാത്യു തന്റെ കൈയില്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് മൂന്നാം പ്രതി പ്രജുകുമാര്‍ പൊലീസ് ജീപ്പിലേക്ക് കയറും മുന്‍പായി മാധ്യമങ്ങളോട് പറഞ്ഞു.

ജോളിയടക്കമുള്ള പ്രതികളെ പുറത്തു കൊണ്ടു വരും എന്ന വിവരമറിഞ്ഞ് ജില്ലാ ജയില്‍ പരിസരത്ത് രാവിലെ മുതല്‍ തന്നെ ആള്‍ക്കാര്‍ എത്തി തുടങ്ങിയിരുന്നു. പ്രതികളെ ഹാജരാക്കും എന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഇന്നലെ താമരശ്ശേരി കോടതിയിലും ആള്‍ക്കൂട്ടമെത്തി. കോടതിയില്‍ നിന്നും ജോളിയെ കസ്റ്റഡിയില്‍ വാങ്ങി ഇന്നു തന്നെ പൊന്നാമറ്റം തറവാട്ടില്‍ കൊണ്ടു പോയി തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇവിടെ പ്രതികളെ എത്തിച്ചാല്‍ ശക്തമായ ജനരോക്ഷം നേരിടേണ്ടി വരുമെന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാവും പ്രതികളെ പുറത്തേക്ക് കൊണ്ടു പോകുക. ജയിലില്‍ നിന്നും താമരശ്ശേരി കോടതി വരെയും തുടര്‍ന്ന് താമരശ്ശേരി താലൂക്കാശുപത്രിയിലേക്കും പൊന്നാമറ്റം തറവാട്ടിലേക്കും വന്‍ പൊലീസ് സംഘം ജോളിയെ അനുഗമിക്കും. ചിലപ്പോള്‍ തെളിവെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാനും സാധ്യതയുണ്ട്.