കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതു കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ശ്രമം. ഇന്ന് രാവിലെ 5 മണിയോടെ ജയില്‍ വാര്ഡന്മാരാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ജോളിയെ കണ്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഞരമ്പ് മുറിക്കാനാവശ്യമായ ആയുധങ്ങളൊന്നും ജയിലിനകത്ത് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ജയിലിനകത്ത് ഭിത്തിയുടെ മൂര്‍ച്ചയേറിയ ഭാഗത്ത് അമര്‍ത്തി ഉരച്ചും കടിച്ചുമാവാം മുറിവേല്‍പ്പിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.പരുക്ക് ഗുരുതരമല്ല. അതേസമയം ഞരമ്പിന് മുറിവേറ്റതിനാല്‍ ജോളിയെ മൈനര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വരും.
ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ അടിയന്തിര പരിചരണ വിഭാഗത്തിലുള്ള ജോളിക്ക് മെഡിക്കല്‍ കോളജ് പോലീസിന്റെ കാവലുണ്ട്. ആശുപത്രി സെല്ലില്‍ നിലവില്‍ ഒരു പ്രതി ഉണ്ട്. ഇയാളെ ഇവിടെനിന്ന് ഒഴിവാക്കി ജോളിയെ സെല്ലിലേക്ക് മാറ്റിയേക്കും. അഭിഭാഷകനായ ആളൂര്‍ കഴിഞ്ഞ ദിവസം ജോളിയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.