കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് റിസര്‍ച്ച് ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നു

കൊണ്ടോട്ടി: സംസ്ഥാനത്തെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രം കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് റിസര്‍ച്ച് ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു. ആറു കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടം ഇന്നലെ വൈകുന്നേരം പ്രൗഢമായ സദസ്സിനെ സാക്ഷി നിര്‍ത്തി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മാരകരോഗങ്ങള്‍ ലോകത്തെ വിറപ്പിക്കുന്ന കാലത്ത് ആശ്വാസം പകരുന്നത് സുമനസുകളുടെ കാരുണ്യവും കരുതലുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ സമര്‍പ്പണത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. മാരകമായ രോഗങ്ങളാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേട്ടു കൊണ്ടിരിക്കുന്നത്. പലതും നമ്മള്‍ക്ക് കേട്ടുകേള്‍വി ഇല്ലാത്തതാണ്.
കേരളത്തില്‍ കിഡ്‌നി അസുഖ ബാധിതരാണ് കൂടുതലുമുള്ളത്. ഒരു പരിധിവരെ ഈ രോഗം ചികിത്സിച്ച് മാറ്റാമെന്നാണ് കണ്ടെത്തല്‍. എന്നാല്‍ സാമ്പത്തിക പരാധീനതയാണ് ചികിത്സിക്കാന്‍ പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരമായാണ് കൊണ്ടോട്ടിയില്‍ ശിഹാബ് തങ്ങളുടെ നാമഥേയത്തില്‍ പ്രൗഢമായ ഡയാലിസിസ് സെന്റര്‍ തുറന്നിരിക്കുന്നത്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററായി ഇത് മാറി എന്നുള്ളത് ഏറെ അഭിമാനമുള്ളതാണ്. സുമനസുകളുടെ അകമഴിഞ്ഞ സാഹയം തന്നെയാണ് ഇതിനു പിന്നിലുള്ളതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സര്‍വം മാറ്റിവെക്കുന്ന വര്‍ത്തമാന കാലത്ത് സമൂഹത്തെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ നയിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രചോദനമാവുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്രയും വലിയ കാരുണ്യത്തിന്റെ സന്ദേശം ഒരു പക്ഷേ കേരളത്തില്‍ ആദ്യമായിരിക്കും.ഇതാണ് യാഥാര്‍ത്ഥത്തില്‍ മനുഷ്യത്വം. മറ്റുള്ളവരെ കുറിച്ച് അവരുടെ വേദനകളെ കുറിച്ച് ചിന്തിക്കുമ്പോഴും അവരെ സഹായിക്കുമ്പോഴുമാണ് നമ്മള്‍ മനുഷ്യരാവുന്നത്. ശിഹാബ് തങ്ങളുടെ പേരില്‍ അര്‍ഹിക്കുന്ന സ്ഥാപനം തന്നെയാണ് ഇന്ന് കൊണ്ടോട്ടിയില്‍ മിഴി തുറന്നിരിക്കുന്നത്. ഈ സന്ദേശം സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തും. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത സമൂഹത്തില്‍ ഉയര്‍ന്നു വരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രഫ.ഖാദര്‍ മൊയ്തീന്‍ മുഖ്യാതിഥിയായി. ഡയാലിസിസ് സെന്റര്‍ മുഖ്യരക്ഷാധികാരി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജി സ്വാഗതം പറഞ്ഞു. ഡയാലിസിസ് ഒന്നാം യൂണിറ്റ് ജിദ്ദ അല്‍ നെഹ്ദി ഗ്രൂപ്പിന്റെ അബ്ദുറഹ്മാന്‍ അബ്ദുല്ല ആമിര്‍ നെഹ്ദിയും ,ഡയാലിസിസ് രണ്ടാം യൂണിറ്റ് പ്രഫ.ഖാദര്‍ മൊയ്തീനും, ഫാര്‍മസിയും ലാബും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സമര്‍പ്പിച്ചു.

ആര്‍.ഒ പ്ലാന്റ് ടി.വി.ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.ഐ.പി ലോഞ്ച് ഉദ്ഘാടനം പുളിക്കല്‍ റഷീദലി ബാബു നിര്‍വഹിച്ചു. ഡയാലിസിസ് സെന്റര്‍ ജനറല്‍ സെക്രട്ടറി പി.വി മൂസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് നാസര്‍ ഹയ്യ് തങ്ങള്‍,നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.സി ഷീബ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ,കെ. മുഹമ്മദ് ഈസ, സി.പി.എം ഏരിയ സെക്രട്ടറി എന്‍. പ്രമോദ് ദാസ്, അഡ്വ.കെ.കെ സമദ്, പി.വി ഹസന്‍ സിദ്ദീഖ് ബാബു, മലേഷ്യ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ദാത്തോ രാജന്‍ മാനോന്‍ , ദാത്തോ മുഹമ്മദ് ശിഹാബ് മലേ ഷ്യ ,അബ്ദുറഹിമാന്‍ രണ്ടത്താണി,കെ. മുഹമ്മദുണ്ണി ഹാജി, സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, ഫിറോസ് കുന്നംപറമ്പില്‍, കുഞ്ഞിമോന്‍ കാക്കിയ,നഗരസഭാ വൈസ് പ്രസിഡന്റ് കെ.ആയിഷാബി, കൗണ്‍സിലര്‍മാരായ ഷാഹിദ കോയ,കെ.റൈഹാനത്ത്, പി.വി മുഹമ്മദ് അരീക്കോട്, എം.അബൂബക്കര്‍ ഹാജി, പി.മോയുട്ടിമൗലവി, സുലൈമാന്‍ മാളിയേക്കല്‍ പ്രസംഗിച്ചു.
ഡയാലിസിസ് സെന്ററിന് വേണ്ടി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വരൂപിച്ച 11 ലക്ഷംരൂപയും കൊണ്ടോട്ടി മുനിസിപ്പല്‍ കെ.എം.സി.സിയുടെ അഞ്ച് ലക്ഷം രൂപയും ഉള്‍പ്പെടെ വിവിധ കമ്മിറ്റികളുടെ സഹായം ചടങ്ങില്‍ മുനവ്വറലി തങ്ങള്‍ക്ക് കൈമാറി.രാത്രി നടന്ന സ്‌നേഹ സ്പര്‍ശം ചടങ്ങ് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌ന ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. സി.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാദര്‍ ഷിബു കുറ്റിപ്പറച്ചേല്‍ വയനാട്, അഡ്വ. പി.കെ ഫിറോസ്, അബ്ദുല്‍ ഗഫൂര്‍ അന്‍വരി പ്രഭാഷണം നടത്തി. പി.എം.എ. സമീര്‍, പി.വി.അഹമ്മദ് സാജു, കെ.കെ. ഫാറൂഖ്, സി.കെ. മുഹമ്മദ്, ജലീല്‍ കോടങ്ങാട്, കെ.എ. സഗീര്‍, വി.പി.സിദ്ദീഖ്,കെ.പി.ഉണ്ണീതു ഹാജി, പി.കെ. എം.ഷഹീദ് പ്രസംഗിച്ചു. ഇന്ന് ഉച്ച ക്ക് ശേഷം നടക്കുന്ന സ്‌നേഹസംഗമം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹുസൈന്‍ ചെറുതുരുത്തി പ്രഭാഷണം നടത്തും.സാന്ത്വന സംഗമം എയര്‍ പ്പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു ഉദ്ഘാടനം ചെയ്യും. പി.എം.എ ഗഫൂര്‍ ക്ലാസെടുക്കും.