മലപ്പുറം: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്കിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെയുള്ള സല്യൂട്ട് ചട്ട വിരുദ്ധമാണെങ്കിലും സദുദ്ദേശത്തോടെയുള്ള പ്രവൃത്തിയാണ് പൊലീസുകാരനില്‍ നിന്നും ഉണ്ടായതെന്ന വിലയിരുത്തലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്ളത്.കൊണ്ടോട്ടി സിഐ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഞായറാഴ്ച വൈകീട്ടാണ് കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ കൊണ്ടോട്ടി സ്വദേശികളെ മലപ്പുറം കണ്ട്രോള് റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ സല്യൂട്ട് ചെയ്തത്. രക്ഷാപ്രവര്‍ത്തകര്‍ ക്വറന്റൈനില്‍ കഴിയുന്നയിടത്ത് ചെന്നാണ് സല്യൂട്ട് നല്‍കിയത്. നടപടി ഔദ്യോഗിക അനുമതി ഇല്ലാതെ , സ്വേച്ഛ പ്രകാരം വ്യക്തിപരമായി ചെയ്തത് ആയിരുന്നു. പിന്നാലെ സല്യൂട്ട് നല്‍കിയതിനെ പ്രശംസിച്ച് കൊണ്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും ഇത് വൈറലായിരുന്നു.
വെള്ളിയാഴ്ച രാത്രി 7.45 നാണ് ദുബൈയില്‍ നിന്ന് ഉള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കൊപ്പം കൊണ്ടോട്ടിയിലെ ജനങ്ങള്‍ കൂടി സജീവമായി ഇടപെട്ടതാണ് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായത്. കോവിഡ് ഭീതി വകവയ്ക്കാതെയാണ് നാട്ടുകാര്‍ പരിക്കേറ്റവരെ പുറത്തെടുത്തതും സ്വന്തം വാഹനങ്ങളില്‍ ആശുപത്രികളില്‍ എത്തിച്ചതും.
കൊണ്ടോട്ടിയിലെ നാട്ടുകാരുടെ ഈ ഇടപെടലാണ് വിമാന ദുരന്തത്തിന്റെ വ്യാപ്തിയും മരണനിരക്കും കുറച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ കോവിഡ് ഭീതി വകവെക്കാതെ നൂറുകണക്കിന് പ്രദേശ വാസികള്‍ ആണ് പങ്കെടുത്തത്. ഇവര്‍ എല്ലാം ഇപ്പൊള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാണ്