കോറോണയെ ഭയക്കാതെ പ്രവാസികളെ നെഞ്ചോടുചേര്‍ത്ത് കൊണ്ടോട്ടിക്കാരുടെ രക്ഷാപ്രവര്‍ത്തനം

കൊണ്ടോട്ടി: കൊറോണയുടെ പശ്ചാത്തലത്തില്‍ മടങ്ങിവരുന്ന പ്രവാസികളെ ഒറ്റപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം തന്നെ നമ്മള്‍ കണ്ടെതാണ്. എന്നാല്‍ കൊണ്ടോട്ടിയിലെ ജനത മറിച്ചാണ്. കൊറോണയ്ക്കും കനത്ത മഴക്കും കൊണ്ടോട്ടിക്കാരുടെ മനുഷ്യത്വത്തെ ഒരു രീതിയിലും തകര്‍ക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്‍മെന്റ് സോണിലാണ്. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോള്‍ അവര്‍ ഓടിയെത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകളാണ്. പലര്‍ക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവര്‍ കണക്കിലെടുത്തില്ല. അവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്‍പ്പിക്കാനും അവര്‍ മുന്‍പന്തിയില്‍ നിന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ എടുത്തുപറയേണ്ട സാന്നിധ്യമായിരുന്നു നാട്ടുകാര്‍. വിമാനത്താവളത്തിനുള്ളില്‍ കയറി നാട്ടുകാര്‍ ആദ്യ ഘട്ടം മുതല്‍ നടത്തിയത് സജീവ ഇടപെടലുകളാണ്. ആംബുലന്‍സുകള്‍ക്ക് കാത്തുനില്‍ക്കാതെ കിട്ടിയ വാഹനങ്ങളിലെല്ലാം പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ജനം മുന്നിട്ടിറങ്ങി. പ്രളയകാലത്തെ ചേര്‍ത്തുപിടിക്കലുകള്‍ പോലെ കര്‍മരംഗത്തേക്കിറങ്ങിയ ഒരുകൂട്ടം ആളുകളാണ് വലിയൊരു ദുരന്തം ആകുമായിരുന്ന കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ ആഘാതം തടഞ്ഞു നിര്‍ത്തിയത്.

SHARE