കൊണ്ടോട്ടിയിലെ ഹോട്ടലില്‍ ഉദ്ഘാടനത്തിന് ഷവര്‍മ്മ ഫ്രീ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ ഹോട്ടലില്‍ ഉദ്ഘാടനത്തിന് സൗജന്യ ഷവര്‍മ്മ ഓഫര്‍ ചെയ്ത് ഒരു കടയുടമ. ഹോട്ടലില്‍ ഉദ്ഘാടനത്തിന് ഷവര്‍മ്മ ഫ്രീയാണെന്ന് പരസ്യം നല്‍കിയിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചതോടെ കടയിലേയ്ക്ക് ജനം ഇരച്ചു കയറി. ഷവര്‍മ്മക്ക് ആളുകള്‍ തിക്കിത്തിരക്കിയതോടെ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളും കാലിയാവുകയായിരുന്നു.

വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങിയ സൗജന്യ ഷവര്‍മ്മ വിതരണം രാത്രി 11ന് അവസാനിക്കുമ്പോള്‍ ഷവര്‍മ്മ മാത്രമല്ല, ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവര്‍ അകത്താക്കി. ഇതോടെ കട മൊത്തം കാലിയായി. ഷവര്‍മ്മ കഴിക്കാന്‍ ജനം ഇരച്ചാണ് കയറിയത്. രണ്ട് കൗണ്ടറുകളിലായി നിരന്നത് ഏഴുന്നൂറോളം ആളുകളായിരുന്നു.

ഇന്നലെയാണ് ഷവര്‍മ്മ കച്ചവടം ആരംഭിച്ചത്. നിരന്ന് നിന്ന എല്ലാവര്‍ക്കും ഷവര്‍മ്മ നല്‍കുകയും ചെയ്തു. എന്നാല്‍, ഷവര്‍മ്മ തയാറാക്കാന്‍ സമയമെടുത്തു. ഇതോടെ തിരക്ക് ഒന്നുകൂടെ കൂടി. എന്നാല്‍, ഇതിനു പിന്നാലെ എല്ലാ വിഭവങ്ങളും സൗജന്യമാണെന്ന് അറിയിച്ചു. ഇതോടെ എല്ലാ വിഭവങ്ങളും കാലിയായി. കണക്കു കൂട്ടലുകളെല്ലാം തെറ്റിയെങ്കിലും ഉദ്ഘാടനം ഗംഭീരമായെന്നും അതില്‍ സന്തോഷമുണ്ടെന്നും കടയുടമ പറഞ്ഞു.

SHARE