സഹജീവി സ്‌നേഹവും കരുണയും എന്തെന്ന് പഠിപ്പിച്ചു; കൊണ്ടോട്ടിക്കാര്‍ക്ക് റസൂല്‍ പൂക്കുട്ടിയുടെ ബിഗ് സല്യൂട്ട്


കോഴിക്കോട്: വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂര്‍ സ്വദേശികളെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി. 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടവരാണെന്ന് അറിഞ്ഞിട്ടും വിമാനത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ കരിപ്പൂരുകാര്‍ക്ക് സല്യൂട്ട് കുറിച്ചിരിക്കുകയാണ് അദ്ദേഹം. സഹജീവിസ്‌നേഹവും കരുണയും എന്തെന്ന് അവര്‍ തന്നെ പഠിപ്പിച്ചു എന്നാണ് ട്വീറ്റിലെ വാക്കുകള്‍.

വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായത് ദുരന്തത്തിന്റെ വ്യാപ്തി കുറക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ രക്ഷിക്കാന്‍ കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ച് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയതിനെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചിരുന്നു.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ എയര്‍ ഇന്ത്യാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അപകടത്തില്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ദുബൈയില്‍ നിന്നും എത്തിയ വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്.