സ്ത്രീവിരുദ്ധപരാമര്‍ശം; കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഒക്ടോബര്‍ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയില്‍ പ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡല്‍ഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേക്കും എറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്.

ഇത്തരം പ്രസംഗങ്ങള്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണ്. നാട്ടില്‍ അക്രമങ്ങളുണ്ടാവാന്‍ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞു. മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തല്‍, സ്തീത്വത്തെ അപമാനിക്കല്‍, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കനുസൃതമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയിലാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്.

വിവാദ പരാമര്‍ശത്തില്‍ കൊല്ലം തുളസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

SHARE