കൊല്ലത്ത് ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം

കൊല്ലം: അഞ്ചലില്‍ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം. ഇതിനുപുറമേ 26 വര്‍ഷം പ്രത്യേക ശിക്ഷയും 3,20,000 രൂപ പിഴയും കോടതി വിധിച്ചു. അഞ്ചല്‍ സ്വദേശി രാജേഷിനെയാണ് കൊല്ലം ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കുട്ടിയുടെ മാതൃസഹോദരീ ഭര്‍ത്താവാണ് പ്രതി. 2017 സെപ്റ്റംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം.

അമ്മൂമ്മയോടൊപ്പം ട്യൂഷന്‍ ക്ലാസ്സിലേക്ക് പോയ കുട്ടിയെ പ്രതി കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ പറയുമെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള ആര്‍ പി എല്‍ എസ്‌റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. കൊലപ്പെടുത്തിയശേഷവും കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട് കണ്ടെത്തിയിരുന്നു.

കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി.

SHARE