കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ.പി പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. കൊട്ടരക്കര റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തത്. ഉത്രയുടെ ഭര്‍ത്താവ് സുരജിനെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും.
അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാര്‍ച്ച് 2 ന് ഭര്‍ത്താവ് സൂരജിന്റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേല്‍ക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.
ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പിന്റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം യുവതിയുടെ ഭര്‍ത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. യുവതിയുടെ മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവക്കുന്നത്. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയാണ്. ജനലുകള്‍ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം.2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവന്‍ സ്വര്‍ണവും വലിയൊരുതുക സ്ത്രീധനവും നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു.