കോലഞ്ചേരിയില്‍ 75കാരിക്ക് ക്രൂര പീഡനം; സ്വകാര്യഭാഗങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍

കൊച്ചി: കോലഞ്ചേരി പാങ്കോട്ട് എഴുപത്തിയഞ്ചുകാരിയായ വയോധികയ്ക്ക് നേരെ ക്രൂര പീഡനം. സ്വകാര്യഭാഗങ്ങളിലടക്കം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ നിലയില്‍ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.. കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ കീറിയിട്ടുണ്ട്.

സ്വകാര്യഭാഗത്ത് കത്തിപോലുള്ള മാരകമായ ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സ്ത്രീ അപകടനില തരണം ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനത്തിനുള്ള ശ്രമമാണ് നടന്നതെന്നാണ് വയോധികയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഓര്‍മ്മക്കുറവും മാനസികാസ്വാസ്ഥ്യവും ഉള്ള വയോധികയെ പുകയിലയും ചായയും നല്‍കാമെന്ന് പറഞ്ഞ് അയല്‍വാസിയായ സ്ത്രീയാണ് കൂട്ടിക്കൊണ്ടു പോയതെന്നാണ് ഇവരുടെ മകന്‍ പറയുന്നത്. പിന്നീട് അമ്മ വീണ് പരിക്കേറ്റെന്നും ആശുപത്രിയിലാക്കണമെന്നും ഇവര്‍ അറിയിച്ചുവെന്നുമാണ് ഇയാള്‍ പറയുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം വനിത കമ്മീഷന്‍ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.. ബലാത്സംഗശ്രമം ആണോ നടന്നതെന്നും പരിശോധിക്കും.

SHARE