ടി20: റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് കോഹ്‌ലി

കൊളംബൊ: ശ്രീലങ്കക്കെതിരായ ഏക ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ ടീം ഉജ്ജ്വല വിജയം നേടിയതിനൊപ്പം ക്യാപ്റ്റന്‍ കോലി മറികടന്നത് ഏഴ് റെക്കോര്‍ഡുകള്‍. കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 15000 റണ്‍സെന്ന നേട്ടം കൈവരിക്കുന്ന കളിക്കാരന്‍ എന്ന നേട്ടം ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയില്‍ നിന്നും കോലി സ്വന്തമാക്കി. 333 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലിയുടെ ഈ നേട്ടം. 336 മത്സരങ്ങളില്‍ നിന്നായിരുന്നു ആംലയുടെ നേട്ടം. 15000 റണ്‍സ് മറികടക്കുന്ന 33ാം കളിക്കാരനാണ് കോലി.

ഇതോടൊപ്പം ട്വന്റി ട്വന്റി മത്സരങ്ങളില്‍ 50റണ്‍സിനു മുകളില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തിട്ടുള്ള താരമെന്ന ബഹുമതിയും ഇനി ഇന്ത്യന്‍ ക്യാപ്റ്റന് സ്വന്തം. 17 തവണയാണ് കോലി അമ്പതോ അതില്‍ കൂടുതലോ സ്‌കോര്‍ ചെയ്തത്. സ്‌കോര്‍ പിന്തുടരുന്ന ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമെന്ന റെക്കോര്‍ഡും കോലി തന്റെ പേരിലാക്കിയിട്ടുണ്ട്. 1007 റണ്‍സാണ് കോലി ചേസ് ചെയ്യുമ്പോള്‍ അടിച്ചെടുത്തത്. 1006 നേടിയ മുന്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്.

ട്വന്റി ട്വന്റിയില്‍ റണ്‍ വേട്ടയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് കോലി. 1830 റണ്‍സ് നേടി കോലി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബ്രണ്ടന്‍ മക്കല്ലമാണ് ഒന്നാം സ്ഥാനത്ത്. റണ്‍സ് പിന്തുടരുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍മാര്‍ നേടിയ റണ്‍വേട്ടയിലും മൂന്നാം സ്ഥാനത്താണ് കോലി. സ്റ്റീവ് സമിത്തും, ക്രിസ് ഗെയിലുമാണ് കോലിയുടെ മുമ്പിലുള്ളത്.

SHARE