നാലാം മത്സരത്തിന് സഞ്ജുവുണ്ടാകുമോ? കോലി പറയുന്നത്

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള റിസര്‍വ് താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കുമെന്ന സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി. മൂന്നാം ടി20 ജയിച്ച് പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ഇതുവരെ അവസരം ലഭിക്കാത്തവര്‍ക്ക് ഇനിയുള്ള മത്സരങ്ങളില്‍ അവസരം നല്‍കിയേക്കുമെന്ന് കോലി പറഞ്ഞു.

ആദ്യ മൂന്ന് മത്സരത്തിലും അന്തിമ ഇലവനില്‍ മാറ്റം വരുത്താന്‍ കോലി തയാറായിരുന്നില്ല. പരമ്പര 50ന് തൂത്തുവാരുകയാണ് ലക്ഷ്യമെന്നും റിസര്‍വ് ബെഞ്ചില്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും നവദീപ് സെയ്‌നിയെയും പോലെ അവസരം കിട്ടാത്തവരുണ്ടെന്നും അവരും അവസരം അര്‍ഹിക്കുന്നുവെന്നും കോലി മൂന്നാം ടി20ക്കുശേഷം പറഞ്ഞിരുന്നു.

നാലാം മത്സരത്തില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം നവദീപ് സെയ്‌നി അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കോലിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ യുസ്‌വേന്ദ്ര ചാഹലിനോ ശിവം ദുബെയ്‌ക്കോ പകരക്കാരനായ വാഷിംഗ്ടണ്‍ സുന്ദറും അന്തിമ ഇലവനിലെത്താനുള്ള സാധ്യതയുണ്ട്.

എന്നാല്‍ ബാറ്റിംഗ് നിരയില്‍ കോലി പരീക്ഷണത്തിന് മുതിരുമോ എന്ന കാര്യം സംശയമാണ്. ബാറ്റിംഗ് നിരയില്‍ മനീഷ് പാണ്ഡെയ്ക്ക് പകരം സഞ്ജുവിന് അവസരം നല്‍കാവുന്നതാണെങ്കിലും അതിന് കോലി തയാറാവുമോ എന്നതാണ് ചോദ്യം. സഞ്ജു അന്തിമ ഇലവനിലെത്തിയാല്‍ കെ എല്‍ രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറായി തുടരുമോ എന്നതും പ്രസക്തമാണ്.

SHARE