കോലിയും വില്യംസണും ഇതാദ്യമല്ല സെമിഫൈനലില്‍ നേര്‍ക്കുനേര്‍; ഇരുവര്‍ക്കുമിടയില്‍ കാലം കാത്തുവെച്ച കൗതുകം ഇതാ

ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടില്‍ വ്യക്തത വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചതോടെ ഇന്ത്യ റോബിന്‍ റൗണ്ടില്‍ ഒന്നാമതെത്തി. ഇനി നാലാം സ്ഥാനത്തുള്ള ന്യൂസിലന്റുമായാണ് ഇന്ത്യയുടെ സെമി അങ്കം. ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാത് കോലിയും ന്യൂസിലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഇതാദ്യമായല്ല ഒരു ലോകകപ്പ് സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇതിനു മുമ്പും ഇരുവരും ലോകകപ്പ് സെമിഫൈനലില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്, രണ്ടു പേരും ക്യാപ്റ്റന്‍മാരായി തന്നെ.

2008ല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്. രണ്ടു പേരുടെയും ക്യാപ്റ്റന്‍സിയില്‍ ഏറ്റുമുട്ടിയ അന്ന് ഇന്ത്യ ന്യൂസിലന്റിനെ സെമിയില്‍ തളച്ച് ഫൈനല്‍ പ്രവേശനം നേടി. മഴയും കൂടെ കളിച്ച ആ സെമിയില്‍ ഡക്വര്‍ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ ജയം. 43 റണ്‍സെടുക്കുകയും ഏഴ് ഓവര്‍ എറിഞ്ഞ് 27 റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്ത ക്യാപ്റ്റന്‍ കോലിയുടെ ഇന്നിങ്‌സാണ് അന്നത്തെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ആ കളിയിലെ താരവും കോലി തന്നെയായിരുന്നു.

തുടര്‍ന്ന് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 12 റണ്‍സിന് തോല്‍പിച്ച് 2008ലെ അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടി. പതിനൊന്നു വര്‍ഷം മുന്നെ നടന്ന ആ ലോകകപ്പില്‍ കളിച്ച രവിന്ദ്ര ജഡേജ, ന്യൂസിലന്റിന്റെ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരെല്ലാം ഈ ലോകകപ്പിന്റെ കൂടി ഭാഗമാണ്.ജൂലൈ ഒമ്പതിനാണ് ഇന്ത്യ ന്യൂസിലന്റ് സെമി ഫൈനല്‍