സമ്മാനവുമായി കോഹ്‌ലിയും അനുഷ്‌കയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഇറ്റലിയില്‍ വെച്ച് ഈ മാസം 11ന് വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.

വിവാഹ ചടങ്ങുകള്‍ക്കു ശേഷം രാജ്യത്ത് തിരിച്ചെത്തിയപ്പോഴാണ് സമ്മാനവുമായി ഇരുവരും പ്രധാനമന്ത്രിയെ കണ്ടത്. നരേന്ദ്രമോദിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

താരങ്ങള്‍ക്ക് മോദി ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. നവദമ്പതികള്‍ പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ക്രിക്കറ്റ്, സിനിമാ രംഗത്തെ പ്രമുഖര്‍ക്കായി ഇരുവരും ഇന്ന് ഡല്‍ഹിയില്‍ വിരുന്നൊരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുംബൈയിലും വിരുന്നൊരുക്കിയിട്ടുണ്ട്.
കോഹ്‌ലിയും അനുഷ്‌കയും തമ്മിലുള്ള വിവാഹം ഇറ്റലിയിലാക്കിയതിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

ഇന്ത്യയില്‍ നിന്ന് പണം സമ്പാദിച്ച കോഹ്‌ലി ഇറ്റലിയില്‍ കൊണ്ടുപോയി പണം ചെലവഴിച്ചുവെന്നായിരുന്നു എംഎല്‍എയുടെ ആരോപണം.

Watch Video: