പട്ടിക്കുട്ടിയുടെ ‘ഉപാധിയില്ലാത്ത സ്‌നേഹം’; അനുഷ്‌കയെ കൊട്ടി കോഹ്‌ലി ട്വിറ്ററില്‍

ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പര 3-0 ന് തൂത്തുവാരിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലി. തിരക്കിട്ട ക്രിക്കറ്റ് ഷെഡ്യൂളുകള്‍ക്കു ശേഷം ലഭിച്ച അവധി വീട്ടിലെത്തിയാണ് കോഹ്‌ലി ആഘോഷിച്ചത്. വീട്ടില്‍ ഒരു ദിവസം ചെലവഴിക്കാന്‍ കഴിയുന്നതിന്റെയും വീട്ടുഭക്ഷണം കഴിക്കുന്നതിന്റെയും സന്തോഷം കാറിലിരിക്കുന്ന ചിത്രത്തിനൊപ്പം ട്വിറ്ററിലൂടെ താരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.

എന്നാല്‍ വീട്ടിലെത്തിയ ശേഷം സ്വന്തം പട്ടിക്കുട്ടിക്കൊപ്പം എടുത്ത സെല്‍ഫി ചിത്രം ട്വീറ്റ് ചെയ്ത കോഹ്‌ലി, തന്റെ മുന്‍ കാമുകി അനുഷ്‌ക ശര്‍മക്കിട്ട് ഒന്നു കൊട്ടിയോ എന്ന് സംശയം! ‘വികൃതിക്കുട്ടനായ ഈ കൊച്ചു വെടിമരുന്നിനൊപ്പം വീട്ടില്‍ മടിപിടിച്ചിരിക്കുക എന്നതാണ് സ്‌നേഹം… ഉപാധിയില്ലാത്ത സ്‌നേഹം’ എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്.

ഇന്നലെ അനുഷ്‌ക ശര്‍മ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ‘ബ്രേക്കപ്പ് സോങ്’ കൂടി പരിഗണിക്കുമ്പോഴാണ് കോഹ്‌ലിയുടെ വാക്കുകളില്‍ മുന്‍ കാമുകിക്കു നേരെയുള്ള മുനയുണ്ടോ എന്ന സംശയം ബലപ്പെടുക.

താന്‍ അഭിനയിക്കുന്ന ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലെ ഗാനരംഗം പുറത്തുവിടുന്നതിന്റെ മുന്നോടിയായി അനുഷ്‌ക കുറിച്ചത് ഇപ്രകാരം: ‘ഇതാ സ്‌നേഹവും സൗഹൃദവും വേര്‍പിരിയലും ആഘോഷിക്കാന്‍ ബ്രേക്കപ്പ് സോങ് ഈ വ്യാഴാഴ്ച പുറത്തുവിടുന്നു’… ഗാനരംഗത്തിന്റെ സംവിധായകന്‍ 22 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറും അനുഷ്‌ക റിട്വീറ്റ് ചെയ്തു. കോഹ്‌ലിയുമായി പിരിഞ്ഞതിനു ശേഷം താന്‍ സന്തോഷവതിയാണെന്നു കാണിക്കുകയാണ് ഈ നീക്കത്തിലൂടെ അനുഷ്‌ക ചെയ്തതെന്ന വിലയിരുത്തലുണ്ടായിരുന്നു.

SHARE