ജയരാജനെ തിരുത്തി കോടിയേരി

ആന്തൂര്‍, പിജെ ആര്‍മി വിഷയങ്ങളില്‍ പി. ജയരാജനെ തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പല കാര്യങ്ങളിലും വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുകയാണ് ശരിയായ രീതി. അതിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിജെ ആര്‍മിയെന്ന ഫേയ്‌സ്ബുക്ക് പേജിലൂടെയും മറ്റും പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോടിയേരി സംസാരിച്ചത്.

ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ വേദിയിലിരുത്തിക്കൊണ്ട് ധര്‍മശാലയിലെ പൊതുയോഗത്തില്‍ അവര്‍ക്കെതിരെ സംസ്ഥാനസമിതിയില്‍ നടപടിയുണ്ടാവുമെന്ന് പറഞ്ഞത് ഒട്ടും ശരിയായ നടപടിയായില്ലെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതി നടപടിയെടുക്കുമെന്ന് പ്രസംഗിച്ചപ്പോള്‍ അത് ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന വിഷയത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയ്ക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. അതിന് കടകവിരുദ്ധമായ നിലയിലാണ് പി. ജയരാജന്റെ ഇടപെടലുണ്ടായത്. പി.ജയരാജന്റ ഈ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് കോടിയേരി സംസ്ഥാനസമിതിയില്‍ സംസാരിച്ചത്.