സി.പി.ഐയുടെ നിലപാട് അപക്വം; യു.ഡി.എഫിനെ സഹായിക്കുന്നത് – കോടിയേരി

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് മുറുകുന്നു. നിര്‍ണായക മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ വിട്ടുനിന്നത് അപക്വമാണെന്നും തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള നീക്കമാണ് സി.പി.ഐയുടേതെന്നും കോടിയേരി ആരോപിച്ചു. എന്നാല്‍, ആരോപണ വിധേയനായ മന്ത്രിയുടെ രാജി നീട്ടിക്കൊണ്ടു പോകുക വഴി സി.പി.എം എതിരാളികളെ സഹായിക്കുകയാണെന്ന് സി.പി.ഐ തിരിച്ചടിച്ചു.

തോമസ് ചാണ്ടി രാജിവെക്കുമെന്ന കാര്യം മന്ത്രിസഭാ യോഗത്തിനു മുമ്പുതന്നെ സി.പി.ഐയെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് അപക്വമായ നീക്കമായിരുന്നുവെന്നും കോടിയേരി ആരോപിച്ചു. മുന്നണി സംവിധാനത്തില്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് സി.പി.ഐ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക വഴി മുന്നണി മര്യാദ ലംഘിക്കുകയാണ് സി.പി.ഐ ചെയ്തത്. വിട്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയെ നേരത്തെ തന്നെ അറിയിക്കണമായിരുന്നു. രാജി തങ്ങളുടെ നിലപാട് കാരണമാണന്ന് ഖ്യാതി നേടാനായിരുന്നു സി.പി.ഐ ശ്രമം. ഇത് ശത്രുക്കളെ സഹായിക്കുന്ന നടപടിയാണ്. ഇനിയും ശത്രുക്കള്‍ക്ക് ആയുധം കൊടുക്കാതെ മുന്നണി ജാഗ്രത പാലിക്കണം – കോടിയേരി പറഞ്ഞു.